“സ്വപ്നയുടെ മൊഴി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ്”
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴികൾ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണെന്ന് മാധ്യമ പ്രവർത്തകനും കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസറുമായ അരുൺ കുമാർ. സ്വപ്ന സുരേഷിന്റെ മൊഴി യുക്തിയോ തുടർച്ചയോ തെളിവോ ഇല്ലാത്തതാണെന്ന് അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സ്വപ്നയുടെ മൊഴികൾ അന്വേഷണത്തെയോ രാഷ്ട്രീയ സംവാദങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്തിയിട്ടില്ല. ആരുടെ സ്വർണം, ആർക്കുവേണ്ടി, ആരൊക്കെ എന്ന ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി” അരുൺ കുമാർ പറഞ്ഞു. ഒരു പട്ടു വക്കീലും പൊട്ട വര്‍ഗീയ വിപ്പും ചേർന്ന് നിർമ്മിച്ച ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത് എന്നും അദ്ദേഹം പരിഹസിച്ചു.
കേസിൽ ഗൂഡാലോചന ആരോപിച്ച് നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. വിമാനത്താവളത്തിൽ പോലും ഗ്രീൻ ചാനൽ പരിരക്ഷയുള്ള നയതന്ത്രജ്ഞന്റെ പാക്കറ്റുകൾ ക്ലിഫ് ഹൗസിൽ വന്നാൽ ആരും പരിശോധിക്കില്ലെന്നിരിക്കെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി ദുർബലമായ തിരക്കഥ കാരണം പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.