ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്


പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറൻ്റൈനിൽ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ശതമാനം കടന്നിരിക്കുകയാണ്.
കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തും ആണ്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമെന്ന് അധികൃതർ.അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിൻറെ തുടക്കമാണെന്ന വിലയിരുത്തലുകൾ ഐസിഎംആർ തള്ളി.മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
4270 പേർക്ക് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയും നാലായിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പോസിറ്റിവിറ്റി നിരക്കും ഒരിടവേളക്ക് ശേഷം വർധിച്ച് ഒരു ശതമാനത്തിന് മുകളിലെത്തി. ഇന്ന് ടിപിആർ 1.03 ശതമാനമാണ്. 15 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലും മഹാരാഷ്ട്രിയിലും ആയിരത്തിന് മുകളിലാണ് കേസുകകൾ. കേരളത്തിലെ 11 ജില്ലകളിൽ കൊവിഡ് വ്യാപനം കൂടി. മുംബൈയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയാവുകയാണ്.
97 ശതമാനത്തിൻറെ വർധനവാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുംബായിലുണ്ടായത്. കേരളത്തിൽ 1544 ഉം മഹാരാഷ്ട്രയിൽ 1357ഉം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ദില്ലി, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നൂറിന് മുകളിൽ കേസുകളുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 24052 ആയി. കൊവിഡ് കേസിലെ വർധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീറൻ പാണ്ഡെ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറൻ പാണ്ഡെ വ്യക്തമാക്കി.