ഇടുക്കിയിൽ പിടി മുറുക്കി മയക്കുമരുന്ന് ലോബി
രാജാക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 3 പേരെ രാജാക്കാട് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കാമറ്റത്തില്‍ ടോണി ടോമി(22), രാജാക്കാട് ചെരിപുറം ശോഭനാ ലയത്തില്‍ ആനന്ദ് സുനില്‍(22), കനകപ്പുഴ കച്ചിറയില്‍ ആല്‍ബിന്‍ ബേബി(24) എന്നിവരാണ് പോലീസ് അറസ്റ്റിലായത്.
രാജാക്കാട് എസ്‌എച്ച്‌ഒ ബി. പങ്കജാക്ഷന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യില്‍ നിന്ന് 20 മില്ലിഗ്രാം വീതം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവര്‍ക്കിത് എത്തിച്ച് കൊടുത്തത് ആല്‍ബിനാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്.
ഒരു കാലത്ത് കഞ്ചാവിന്റെ നാടെന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു വന്ന രാജാക്കാട് ഉള്‍പ്പെടുന്ന ഇടുക്കിയിലെ വിവിധ മേഖലകള്‍ ഇപ്പോള്‍ മയക്കുമരുന്നു ലോബി ലക്ഷ്യം വയ്ക്കുന്നതായി സൂചന. വന്‍ ലാഭവും കൊണ്ടു നടക്കുന്നതിനുള്ള സൗകര്യവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഗുരുതരമായ മാനസികശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായുന്ന മാരക ലഹരി വസ്തുവാണ് എംഡിഎംഎ. മെത്ത ലിന്‍ഡ യോക്സി മെത്താം ഫീറ്റമിന്‍. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരി വസ്തു മോളി, എക്സ്, എക്സ്റ്റസി, എംഡിഎംഎ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ചികിത്സാ രംഗത്ത് ഇത് ഉപയോഗിക്കുന്നതിന് സ്വീകാര്യത ലഭിച്ചിട്ടില്ല.നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.
കൂടുതല്‍ സമയം ഇതിന്റെ ലഹരി നിലനില്‍ക്കുന്നതിനാലും മണമില്ലാത്തതിനാലും സംഗീത മേളകളിലും നൃത്ത പരിപാടികളിലുമാണ് ഇവ കൂടുതലായി ഉപയോഗിച്ചു വരുന്നത്. വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ലക്ഷ്യംവച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഇടുക്കി ജില്ലയിലേക്ക് മാരകമായ മയക്കുമരുന്നുകള്‍ എത്തുന്നതിനെ സംബന്ധിച്ച് പോലീസ് വിശദമായ അന്വഷണം ആരംഭിച്ചിട്ടുണ്ട്.എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്ര അന്വഷണത്തിലാണ് രാജാക്കാട് പോലീസ്. എസ്‌ഐമാരായ അനൂപ്, ജോണി, മറ്റ് ഉദ്യോഗസ്ഥരായ ജയചന്ദ്രന്‍ പിള്ള, ജിബിന്‍, ദീപക്, ജോസഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിനങ്ങളിലും മയക്കുമരുന്നു വേട്ട ഊര്‍ജ്ജിതമാക്കുമെന്ന് രാജാക്കാട് സിഐ ബി. പങ്കജാക്ഷന്‍ ജന്മഭൂമിയോട് പറഞ്ഞു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.