ജ്വാല; കട്ടപ്പനയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പ്, കട്ടപ്പന ഐസിഡിഎസ് ന്റെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലേഴ്സ് വിഭാവനം ചെയ്ത കര്‍മ്മ പദ്ധതിയായ ജ്വാല, കട്ടപ്പന മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ശില്പശാല ഉദ്ഘാടനം ചെയ്തു. കുട്ടികളാണ് രാഷ്ട്രത്തിന്റെ സമ്പത്ത് എന്നും, എത്ര ഉയരങ്ങളില്‍ എത്തിയാലും മാനുഷിക മൂല്യം ഉണ്ടാവണമെന്നും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളായി കുട്ടികള്‍ ഭാവിയില്‍ മാറണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷത വഹിച്ചു. ഡിസിപിഒ ഗീത എംജി മുഖ്യപ്രഭാഷണം നടത്തി. നഗരസഭയ്ക്ക് കീഴിലെ 48 അങ്കണവാടികളില്‍ നിന്നുള്ള കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി ഐസിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ചടങ്ങില്‍ മൊമന്റോ സമ്മാനിച്ചു.
ശൈശവ വിവാഹ നിരോധന നിയമവും ജീവിത നൈപുണികളും എന്ന വിഷയത്തില്‍ മോട്ടിവേറ്റര്‍ പ്രീത് ഭാസ്‌കറും വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ അബ്ദുള്‍ സലാമും ക്ലാസുകള്‍ നയിച്ചു. കട്ടപ്പന എസ്‌ഐ കെ ദിലീപ് കുമാര്‍ കുട്ടികളുമായി സംവദിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള സാമൂഹിക തിന്മകളെ പ്രതിരോധിക്കുന്നതിനായി അങ്കണവാടി തലം, പ്രാദേശികതലത്തിലുള്ള ബോധവത്കരണ ക്‌ളാസുകള്‍, ഹോം വിസിറ്റ്, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തല്‍, കൗണ്‍സലിംഗ് സേവനങ്ങള്‍ തുടങ്ങി വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജ്വാല പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബേബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ്, വാര്‍ഡ് കൗസിലര്‍മാരായ സുധര്‍മ മോഹന്‍, തങ്കച്ചന്‍ പുരയിടം, രജിത രമേശ്, ലീലാമ്മ ദേവി, ശിശു വികസന പദ്ധതി ഓഫിസര്‍ രമ പി.കെ, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ പി.യു, നിഷമോള്‍ ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ സരിതമോള്‍ കെ.ജി, ജാസ്മിന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.