സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരും, ബിരുദ പഠനത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടു കൂടി കോഴ്സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരും, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരുമായ യുവതീ യുവാക്കളില്‍ നിന്നും സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 പേര്‍ക്ക് പൂര്‍ണ്ണമായും മികവിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം പ്രവേശനം നല്‍കുന്നതും തുടര്‍ന്ന് ഒരു മാസം ഭക്ഷണതാമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഒരു ഓറിയന്റേഷന്‍ ക്യാമ്പ് നടത്തും.
ശേഷം നടക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റിനും, കൂടിക്കാഴ്ചയ്ക്കും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന 20 മത്സരാര്‍ത്ഥികള്‍ക്ക് കേരളത്തിലോ, കേരളത്തിനു പുറത്തോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനത്തില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്നു പഠിക്കാനുള്ള അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ്ഭവന്‍, തിരുവനന്തപുരം- 695033 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാഫോമുകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്രാ ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ്മണി എന്നിവയുള്‍പ്പെടെയുള്ള ചെലവുകള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും നല്‍കും. ഫോണ്‍- 04862 222399.