‘അരൂരിൽ അരൂരുകാർ UDF സ്ഥാനാര്‍ത്ഥിയാകട്ടെ; പറന്നിറങ്ങുന്ന ദേശാടനപക്ഷികള്‍ വേണ്ട’; ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ

ആലപ്പുഴ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം. അരൂരിൽ അരൂരുകാർ യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെയെന്നും ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളെ യുഡിഎഫ് സ്ഥാനാർത്ഥിയായി വേണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. യൂത്ത് കോൺഗ്രസിന്റെ പേരിൽ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുദ്രാവാക്യം.
അരൂരിൽ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. പ്രാദേശിക പാർട്ടിയും ഷാനിമോളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കെയാണ് സംഭവം. കായംകുളത്ത് കെ മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചും പോസ്റ്ററുകൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അരൂരും പോസ്റ്റർ ഉയർന്നിരിക്കുന്നത്.
കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് കെ മുരളീധരനെ സ്ഥാനാർത്ഥിക്കാണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്ററുകൾ പ്രചരിച്ചത്. സംഭവത്തിൽ മുരളീധരനോട് കായംകുളത്ത് മത്സരിക്കുമോ എന്ന് മാധ്യമങ്ങൾ ചോദ്യമുന്നിയിച്ചപ്പോൾ കുഴിയിൽ ചാടാനില്ലെന്നും അതിനുള്ള മൂഡില്ലെന്നുമായിരുന്നു മുരളീധരന്റെ മറുപടി. കേരളത്തിന്റ മതേതര മുഖമായ കെ മുരളീധരനെ കായംകുളത്തിന് തരിക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. ആലപ്പുഴയിൽ കെ കരുണാകരനും കെ മുരളീധരനും ഏറ്റവും കൂടുതൽ അനുയായികളുള്ള ഇടമാണ് കായംകുളം.













































































