സംരക്ഷണഭിത്തി വന്‍ അപകട ഭീഷണി ആകുന്നു
മൂലമറ്റം: ഇടുക്കി റോഡിലെ കരിപ്പിലങ്ങാട് ഹെയര്‍പിന്‍ വളവിന് സമീപത്ത് നിര്‍മ്മിച്ച സംരക്ഷണഭിത്തി വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിലവിലുണ്ടായിരുന്ന ഭാഗത്തിനും പുതിയ സംരക്ഷണ ഭിത്തിക്കും ഇടയിലുള്ള വലിയ വിടവില്‍ മണ്ണിട്ട് നികത്തിയിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് ശക്തമായ വെള്ളപ്പാച്ചില്‍ റോഡിലൂടെയൊഴുകി ഈ വിടവിലേക്കാണ് പതിക്കുന്നത്. ഇത് സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്. ഏത് നിമിഷവും സംരക്ഷണ ഭിത്തി ഇടിഞ്ഞ് പ്രദേശത്ത് മലയിടിച്ചിലുണ്ടാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കൊളപ്രം ഭാഗത്തേക്കാണ് ഇത് പതിക്കുക. സംരക്ഷണ ഭിത്തിക്ക് താഴെയായി അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി ഗ്രാമപഞ്ചായത്തംഗം രാജി ചന്ദ്രശേഖരന്‍ പറഞ്ഞു. മറ്റ് താമസ സ്ഥലം ലഭിക്കാത്തവര്‍ക്കായി കരിപ്പിലങ്ങാട് ഗവ.
ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ ഇതിനായുള്ള സജ്ജീകരണം നടത്തിയിട്ടുണ്ടെന്നും പഞ്ചായത്തംഗം അറിയിച്ചു. റോഡിലെ വളവിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനം. മണ്ണിട്ട് നികത്താത്തതിനാല്‍ ഇവിടെ റോഡിന് വീതി കുറവാണ്. വശം കൊടുക്കാനാവാത്തതിനാല്‍ ഒറ്റ വരിയായി മാത്രമാണ് ഇതുവഴി വാഹനം കടന്ന് പോകുകയുള്ളൂ.
കഴിഞ്ഞ ദിവസം ഇന്ധനവുമായെത്തിയ കൂറ്റന്‍ ടാങ്കര്‍ ലോറി ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിര്‍മ്മാണത്തിനായി മണ്ണെടുത്ത ഭാഗത്തേക്ക് ടാങ്കര്‍ ലോറി തെന്നി നീങ്ങുകയായിരുന്നു. തലനാരിഴക്കാണ് അന്ന് വാഹനം അഘാത കൊക്കയിലേക്ക് പതിക്കാതിരുന്നത്.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മണ്ണ് മാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി റോഡിലേക്ക് തിരികെ കയറ്റിയത്. മാസങ്ങളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇവിടെ ഗതാഗത കുരുക്കും പതിവാണ്. ജില്ലാ ആസ്ഥാനത്തേക്ക് അടക്കമുള്ള പ്രധാന റോഡായതിനാല്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇടപെട്ട് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.