എന്റെ കേരളം പ്രദര്‍ശന വിപണനമേള :സേവനങ്ങൾ ലഭ്യമാക്കി മോട്ടോര്‍ വാഹനവകുപ്പ്
ഇടുക്കി: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍, മോട്ടോര്‍ വാഹനവകുപ്പൊരുക്കിയ പ്രദര്‍ശന സ്റ്റാളിലും വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു.
പ്രദര്‍ശനത്തിനൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച ഫീസീടാക്കി പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങളും വകുപ്പ് പ്രദര്‍ശന സ്റ്റാള്‍വഴി ലഭ്യമാക്കി.
ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ സബ് ഓഫീസുകളുടെ സഹകരണത്തോടെ ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. രമണന്റെ നേതൃത്വത്തിലായിരുന്നു സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ബോധവല്‍ക്കരണ സന്ദേശമായി മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചിത്രീകരിച്ച വീഡിയോയുടെ അവതരണവും സ്റ്റാളില്‍ ഉണ്ട്.
റോഡപകടങ്ങള്‍ കുറയ്ക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നിരത്തില്‍ പാലിക്കേണ്ട ജാഗ്രതയും നിയമങ്ങളും, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി വിവിധ ബോധവല്‍ക്കരണ സന്ദേശമടങ്ങുന്ന പോസ്റ്ററുകള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഘുലേഖകളും വകുപ്പ് ലഭ്യമാക്കുന്നു. നിരത്തില്‍ ജാഗ്രതയും കരുതലും പാലിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍.