കട്ടപ്പനയിൽ ഒരാൾക്ക് എലിപ്പനിയെന്ന് റിപ്പോർട്ട്; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
കട്ടപ്പന : കാലവർഷം പടിവാതിൽക്കൽ എത്തി നിൽക്കെ പകർച്ചവ്യാധികൾ വർധിക്കുവാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.പ്രാഥമിക പരിശോധനയിൽ കട്ടപ്പനയിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ച തോടെയാണ് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് എത്തിയിരിക്കുന്നത്.കട്ടപ്പന നഗരസഭയിലെ പതിമൂന്നാം വാർഡിലാണ് 58 കാരന് എലിപ്പനി സ്ഥിരീകരിച്ചത്.ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നഗരത്തിൽ പളളിക്കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു കുടുംബത്തിലെ ആറു വയസ്സുള്ള കുട്ടിക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളും കണ്ടെത്തി.ഇവരുടെ വീടിനു പരിസരത്ത് കൊതുക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടർത്തുന്ന ഈഡീസ് ഈജിപ്തി, ഈഡീസ് ആൽബോപിക്റ്റസ് ഇനങ്ങളിൽപ്പെട്ട കൊതുകുകൾ ആണോ ഇതെന്ന് അറിയാൻ വെക്ടർ കൺട്രോൾ യൂണിറ്റ് പരിശോധന നടത്തും.
• ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ സൂക്ഷിക്കുക
അലക്ക് തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർ,ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.ഇത്തരം മേഖലയിൽ തൊഴിലെടുക്കുന്നവർ ഡോക്സിസൈക്ലിൻ പോലുള്ള രോഗപ്രതിരോധ മരുന്നുകൾ ഉപയോഗിക്കണമെന്നും നിഷ്കർഷിക്കുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കുമ്പോൾ കൈയ്യുറകളും ബൂട്ടും ധരിക്കണം.കാലിലും കൈയിലും മുറിവുള്ളവർ സുരക്ഷാ മുൻകരുതൽ ഇല്ലാതെ ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യരുത് എന്നും കട്ടപ്പന താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമോൻ ജോസഫ് വ്യക്തമാക്കി.
• കൊതുകുകൾ പകരാം ഇതുവഴി
ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡീസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാധ്യത ശുദ്ധജല ടാങ്കുകളിലാണ്. ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ടാങ്കുകൾ വൃത്തിയാക്കുകയും, കൃത്യമായി അടച്ച് വയ്ക്കുകയും ചെയ്യണമെന്നാണ് വെക്ടർ കൺട്രോൾ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശം. മഴ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ചിരട്ടകൾ, മുട്ടത്തോട് , മറ്റ് ഉപയോഗ ശൂന്യമായ പാത്രങ്ങൾ എന്നിവ നിർമാജനം ചെയ്യണം. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ എല്ലാ ദിവസവും പരിശോധിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നുണ്ട്.