“എന്റെ കേരളം” പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ചികിത്സയൊരുക്കി ആരോഗ്യ വകുപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ഓന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രവര്‍ത്തന മികവിൽ വ്യത്യസ്തമാകുന്നു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലോപ്പതി- ആയുർവേദ – ഹോമിയോപ്പതി സറ്റാളുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പരിശോധന ഒരുക്കിയും, രോഗങ്ങളെക്കുറിച്ചും രോഗികളുടെ സംശയങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവും നല്‍കിയാണ് വ്യത്യസ്തമാകുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ “ആരോഗ്യ കേരളം” സ്റ്റാളിൽ അലോപ്പതി പരിശോധന ഒരുക്കിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം എന്നിവ പരിശോധിക്കാനും ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും സൗജന്യ ചികിത്സക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ സൗകര്യവും ഇവിടെയുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. എലിപ്പനി, കോളറ, മന്ത് തുടങ്ങിയ രോഗങ്ങൾ – രോഗകാരികൾ, പ്രതിരോധ മാർഗങ്ങൾ, ശുചിത്വം പാലിക്കാം തുടങ്ങി ബോധവത്കരണ ഭാഗമായി ഒരുക്കിയിട്ടുള്ള പോസ്റ്റർ പ്രദർശനവും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
കൊതുക്, ഈച്ച നശീകരണത്തിനുപയോഗിക്കുന്ന ഫോഗ്ഗിംഗ് മെഷീൻ, യു.എൽ.വി ആപ്ലിക്കേറ്റർ, സ്പ്രെയർ എന്നീ ഉപകരണങ്ങളും സ്റ്റാളിൽ പ്രാദർശിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ പോഷകാഹരങ്ങളും അവയുടെ പ്രാധാന്യവും മനസിലാക്കാൻ കുട്ടികൾക്കായി മത്സരങ്ങളും നടത്തുന്നുണ്ട്. മത്സര വിജയികളായ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ ആയൂര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ സൗജന്യ നേത്ര പരിശോധനയും ചികിത്സയമുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 6 മണി വരെയാണ് ഡോക്ടർമാരുടെ സേവനം.
പൈതൃക ചികിത്സയുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പണ്ട് കാലത്ത് ഔഷധങ്ങള്‍ സൂക്ഷിച്ചിരുന്ന വൈദ്യശാല അങ്ങാടിപ്പെട്ടിയും പ്രദര്‍ശനത്തിനുണ്ട്. കിരിയാത്ത്, ദേവദാരു, കുരുമുളക്, ഇരട്ടി മധുരം തുടങ്ങി 35 ഇനം അങ്ങാടിമരുന്നുകള്‍ അടങ്ങിയ വൈദ്യശാല അങ്ങാടിപ്പെട്ടിയാണ് പ്രദര്‍ശനത്തിനുള്ളത്.
വൈദ്യര്‍ക്ക് പെട്ടിയില്‍ നിന്ന് ആവശ്യാനുസരണം വിവിധ ഔഷധ സാമഗ്രികള്‍ നിശ്ചിത അളവില്‍ എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് അങ്ങാടിപ്പെട്ടി നിര്‍മിച്ചിരിക്കുന്നത്. കാലം മാറി മരുന്നുകള്‍ റെഡിമെയ്ഡ് ആയിത്തുടങ്ങിയതോടെയും നൂതന സംവിധാനങ്ങള്‍ ഇടം പിടിച്ചതോടെ അങ്ങാടിപ്പെട്ടിയും പുറന്തള്ളപ്പെടുകയായിരുന്നു.
ഔഷധ സസ്യങ്ങളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നീര്‍മരുത്, ആര്യവേപ്പ്, അശോകം, നെല്ലി, ശംഖുപുഷ്പം, വയമ്പ്, ചെറൂള, പനികൂർക്ക തുടങ്ങി വിവിധയിനം ഔഷധ സ്യങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ പേര് അവയുടെ ശാസ്ത്രീയ നാമം, ഔഷധമായി ഉപയോഗിക്കേണ്ട ഭാഗം, ഏത് തരം രോഗ കാരണങ്ങൾക്ക് ഉപയോഗിക്കാം എന്നും പ്ലക്കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമെ വിവിധ അങ്ങാടി മരുന്നുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശന മേളയിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാകും. ഇവിടെ ശരീരഭാരം, പൊക്കം, ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) ഇവ പരിശോധിക്കാനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബി.എം.ഐ പരിശോധനയിൽ തൂക്കം, പൊക്കം എന്നിവ അറിയുന്നതിനൊപ്പം അമിത വണ്ണം, തൂക്ക കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും ഭക്ഷണ ക്രമീകരണ നിർദേശങ്ങളും ഡോക്ടർമാർ നൽകും. ഇവയ്ക്ക് പുറമെ സൗജന്യ പ്രമേഹ – രക്തസമ്മർദ പരിശോധനയ്ക്കും സൗകര്യമുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 8 മണി വരെയാണ് ഹോമിയോ സ്റ്റാളിൽ ഡോക്ടറുടെ സേവനം.
ഹോമിയോ ആശുപത്രികളില്‍ ജനനി, ആയുഷ്മാൻ ഭവ, സീതാലയം തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സന്ധിവേദന, പേശിവലിവ്, മുടികൊഴിച്ചിൽ, ശാരീരിക ക്ഷീണം, വിശപ്പില്ലായ്മ എന്നിവക്കുള്ള മരുന്നുകളടങ്ങിയ സൗജന്യ ഹോം കെയർ കിറ്റും രോഗികൾക്ക് നൽകുന്നുണ്ട്. ഹോമിയോപ്പതിയുടെ പിതാവായ സി.എഫ് സാമുവൽ ഹാനിമാന്റെ ചിത്രവും അദേഹം ഹോമിയോപ്പതിയിൽ ആദ്യമായി ഉപയോഗിച്ച
സിങ്കോണ ബാർക്ക് മരത്തിന്റെ മാതൃകയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
മെയ് 9 ന് ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേള 15ന് സമാപിക്കും.