വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍.
ഇടുക്കി :വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍.
ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ അപേക്ഷ നല്‍കാം, ഉപഭോക്താവിന്റെ പേര് മാറ്റം, താരിഫ് മാറ്റം, ഓണ്‍ലൈന്‍ മുഖേന ഉപഭോക്തൃ സേവന സഹായം തുടങ്ങി കെ.എസ്.ഇ.ബിയുടെ ഇ- സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും,
വൈദ്യുത സംരക്ഷണത്തിന്റെ പ്രാധാന്യവും സുരക്ഷാ മാര്‍ഗങ്ങളും പ്രസിദ്ധികരിച്ച ലഘുലേഖകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അമിത വൈദ്യുത പ്രവാഹത്തില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും വൈദ്യുതി വിച്ഛേദിപ്പിക്കുന്ന സാങ്കേതിക സംവിധാനം ഇ.എല്‍.സി.ബി ( എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) പരിചയപ്പെടുത്തുന്ന മാതൃകയും പൊതുജനങ്ങള്‍ക്ക് കാണാം. ഇടുക്കി ഡാമിന്റെ ചെറു മാതൃകയും, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തിന്റെയും മുട്ടം സബ്‌സ്റ്റേഷന്റെയും ചെറു മാതൃകകള്‍ കാഴ്ചക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കൗതുകവും പകരുന്നു.
വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ‘സൗര’ എന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, കെ.എസ്.ഇ.ബി യുടെ ഇ – ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയെ കുറിച്ച് വിശദീകരണം നല്‍കാനും, സംശയ ദൂരീകരണത്തിനും ജീവനക്കാരുടെ സേവനവും സ്റ്റാളിലുണ്ട്. www.kseb.in എന്ന വെബ്‌സൈറ്റ് വഴി കെ.എസ്.ഇ.ബിയുടെ ഇ-സേവനങ്ങള്‍ ലഭ്യമാകും.
വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളുമാണുള്ളത്. മേളയുടെ ഭാഗമായി സെമിനാറുകളും, വിവിധ കലാപരിപാടികളും
അരങ്ങേറും. വിനോദവും വിജ്ഞാനവും പകരുന്ന പ്രദര്‍ശന വിപണന മേളയില്‍ പ്രവേശനം സൗജന്യമാണ്. മെയ് 15 ന് മേള സമാപിക്കും.