കേരളത്തിന്റെ ഇതുവരെയുള്ള ആകെ കാഴ്ച്ചകളുടെ വിശാലമായ ലോകം:എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍..


ഇടുക്കി: മനോഹര ദൃശ്യാവിഷ്‌ക്കാരം നടത്തിയിട്ടുള്ള പ്രവേശന കവാടം കടന്ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നടക്കുന്ന ആഘോഷ നഗരിയായ വഴത്തോപ്പ് ജി വി എച്ച് എസ് എസില്‍ എത്തിയാല്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ ഇതുവരെയുള്ള ആകെ കാഴ്ച്ചകളുടെ വിശാലമായ ലോകം.
സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കിയിരിക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ ഹാളാണ് കാഴ്ച്ചയുടെ മനോഹാരിതയും അറിവിന്റെ അനുഭവതലവുമൊരുക്കി കാഴ്ച്ചക്കാരില്‍ വിസ്മയം തീര്‍ക്കുന്നത്.
കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളേയും അടയാളപ്പെടുത്തിയാണ് എന്റെ കേരളം പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്.
വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങള്‍ കേരളം, വളര്‍ച്ചയുടെ പരിണാമ ദശകങ്ങള്‍ എന്ന പേരില്‍ ചിത്രങ്ങളോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇ എം എസ് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള ഇക്കാലയളവില്‍ കേരളത്തെ നയിച്ച 12 മുഖ്യമന്ത്രിമാരുടെ വലിയ ചിത്രങ്ങള്‍ കാലയളവനുസരിച്ച് അറിവിന്റെ അനുഭവതലങ്ങളിലേക്കായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ കലാരൂപങ്ങള്‍, മലയാള സാഹിത്യ ലോകത്തെ ഓര്‍മ്മപ്പെടുത്തലുകള്‍, മലയാള സാഹിത്യത്തിന് ജീവന്‍ നല്‍കിയ അടയാളപ്പെടുത്തലുകള്‍, കേരളത്തിന്റെ സാമൂഹ്യ പരിക്ഷ്‌ക്കരണത്തിനും മാറ്റങ്ങള്‍ക്കും വഴിയൊരുക്കിയ സമര ചരിത്രങ്ങളുടെ എഴുത്താവിഷ്‌ക്കാരം അങ്ങനെ പോകുന്നു എന്റെ കേരളം തുറന്നിടുന്ന വിസ്മയ കാഴ്ച്ചകള്‍.
വാട്ടര്‍ മെട്രോ, കാരവാന്‍ ടൂറിസം തുടങ്ങിയവയുടെ കാഴ്ച്ച അനുഭവമൊരുക്കുന്ന ദൃശ്യാവിഷ്‌ക്കരണത്തിന് ഇതിനോടകം സന്ദര്‍ശകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിട രംഗങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലകരമായ മാറ്റങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാതൃകകളും വീഡിയോ വാളിലെ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പാര്‍പ്പിടം,ആരോഗ്യ രംഗം, ലിംഗനീതി, സ്ത്രീ ശാക്തീകരണം,വയോജന സംരക്ഷണം, ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരതാ പ്രസ്ഥാനം തുടങ്ങി കേരളത്തിന്റെ നവോത്ഥാന വഴിത്താരയില്‍ ഓര്‍ത്തെടുക്കപ്പെടേണ്ടവയുടെ എഴുത്താവിഷ്‌ക്കാരവും ഹരിത കേരളം, ആരോഗ്യ കേരളം, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കിഫ്ബി, കേരള പുനര്‍ നിര്‍മ്മാണം, സംരംഭകത്വ സൗഹൃദ കേരളം തുടങ്ങി നവകേരള നിര്‍മ്മിതിക്ക് കരുത്താകുന്ന പദ്ധതികളുടെ അടയാളപ്പെടുത്തലിനും എന്റെ കേരളം പ്രദര്‍ശന സ്റ്റാളിനുള്ളില്‍ ഇടം നല്‍കിയിട്ടുണ്ട്.