മോഷണശ്രമം വീട്ടുകാർ ‘പൊളിച്ചു’…
കൂട്ടാർ : കരുണാപുരം പഞ്ചായത്ത് ഓഫിസിനു സമീപമുള്ള വീട്ടിൽ ഇന്നലെ പുലർച്ചയോടെയുണ്ടായ മോഷണശ്രമം വീട്ടുകാർ ‘പൊളിച്ചു’. വീടിന് മുകളിൽ കയറി ഓട് പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓട്ടോറിക്ഷയിൽ രക്ഷപെട്ടു. കൊച്ചുപുരക്കൽ കെ.ജി.ഷിന്റോയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. ഇവർ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിൽ താമസം തുടങ്ങിയത്. വീടിന്റെ പകുതി ഭാഗം വാർക്കയും ബാക്കിഭാഗം ഓടിട്ടതുമാണ്.
തിങ്കളാഴ്ച പുലർച്ചെ 2ന് വീടിന് മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി ആരോ നടക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. തുടർന്നും ശബ്ദം കേട്ടതോടെ വീടിന് മുകളിലാരാണെന്ന് ഷിന്റോ ഉച്ചത്തിൽ ചോദിച്ചു. ശബ്ദം കേട്ടതോടെ ഓടി താഴിയിറങ്ങിയ മോഷ്ടാക്കൾ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കയറി രക്ഷപെടുകയായിരുന്നു. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടതായി ഷിന്റോ പറഞ്ഞു.
പരിശോധനയിൽ വീടിന്റെ ടെറസിൽ നിന്നും മദ്യകുപ്പികളും മറ്റും കണ്ടെത്തി. മൂന്ന് മാസം മുമ്പും ഇതേ വീട്ടിൽ ഓട് പൊളിച്ച് മോഷണം നടത്താൻ ശ്രമം നടന്നിരുന്നു. ഈ സമയം വീട്ടുടമയായ രാധയാണ് ഇവിടെ താമസിച്ചിരുന്നത്. അന്ന് കമ്പംമെട്ട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നില്ലെന്ന് വീട്ടുടമ പറഞ്ഞു. ഷിന്റോ കമ്പംമെട്ട് പൊലീസിൽ പരാതി നൽകി.