പ്രധാന വാര്‍ത്തകള്‍
സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു രാത്രി വ്യാജ ഭീഷണി : ഒരാൾ അറസ്റ്റിൽ


സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു രാത്രി വ്യാജ ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11നാണു പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ സന്ദേശം എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു സന്ദേശം. തുടർന്നു കന്റോൺമെന്റ് പൊലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചിൽ നടത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ അര മണിക്കൂറിനു ശേഷമാണു ഫോൺ വിളിച്ചയാളെ പൊലീസ് കണ്ടെത്തിയത്. എന്നാൽ, സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു വാട്സാപ്പിൽ സന്ദേശം വന്നെന്നും ഇതു പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണു കസ്റ്റഡിയിലുള്ളയാൾ പൊലീസിനു നൽകിയ വിശദീകരണം.