ഭാര്യയെയും 2 പെൺമക്കളെയും തീകൊളുത്തിയ ശേഷം ഗൃഹനാഥൻ സമീപത്തെ കിണറ്റിൽ ചാടി :ഗൃഹനാഥനും ഭാര്യയും ഒരു മകളും മരിച്ചു.
പെരിന്തൽമണ്ണ : പടക്കം നിറച്ച ഗുഡ്സ് ഓട്ടോയിൽ വിളിച്ചുകയറ്റി ഭാര്യയെയും 2 പെൺമക്കളെയും തീകൊളുത്തിയ ശേഷം ഗൃഹനാഥൻ സമീപത്തെ കിണറ്റിൽ ചാടി. ഗൃഹനാഥനും ഭാര്യയും ഒരു മകളും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇളയകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. കരുവാരകുണ്ട് മാമ്പുഴ തെച്ചിയോടൻ മുഹമ്മദ്(52), ഭാര്യ പൂന്താനം കൊണ്ടിപറമ്പ് പലയക്കോടൻ ജാസ്‌മിൻ(37), ഇവരുടെ രണ്ടാമത്തെ മകൾ ഫാത്തിമ സഫ(11)എന്നിവരാണ് മരിച്ചത്. ഇളയ മകൾ ഷിഫാന(5)യെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദമ്പതികൾക്ക് ഇവരെക്കൂടാതെ ഒരു മകൾ കൂടിയുണ്ട്.
ഇന്നലെ രാവിലെ 11.15ന് കൊണ്ടിപറമ്പ് നെല്ലിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. മീൻ വിൽപനക്കാരനായ മുഹമ്മദും കുടുംബവും വർഷങ്ങളായി കാസർകോട് ജില്ലയിലെ കോളിയടുക്കം അണിഞ്ഞ റോഡിലെ വീട്ടിലായിരുന്നു താമസം.
കുടുംബപ്രശ്നങ്ങൾ കാരണം ഒരു മാസം മുൻപ് ജാസ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാര്യാവീടിനു 100 മീറ്റർ അകലെ വണ്ടി നിർത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തിനുള്ള ആസൂത്രണത്തോടെ എത്തിയ മുഹമ്മദ് ഓട്ടോയിൽ പടക്കം വച്ചിരുന്നു. തങ്ങളെ കൊല്ലാൻ പോകുകയാണെന്ന് ജാസ്മിൻ വീട്ടിലേക്ക് മൊബൈലിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ കണ്ടത് തീ ആളിപ്പടരുന്ന വാഹനമാണ്.
ഷിഫാനയെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ദേഹത്തു തീപടർന്ന നിലയിൽ കിണറ്റിൽ ചാടിയ മുഹമ്മദിനെ സമീപവാസികൾ പുറത്തെത്തിച്ചെങ്കിലും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പടക്കങ്ങൾ തുടർച്ചയായി പൊട്ടിയതും തീ ആളിക്കത്തിയതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
പൊലീസ്, അഗ്നിരക്ഷാ സേന, ശാസ്ത്രീയ പരിശോധനാ വിദഗ്ധർ എന്നിവർക്കു പുറമേ ബോംബ്, ഡോഗ് സ്ക്വാഡുകളും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മുഹമ്മദിനെതിരെ കാസർകോട് ജില്ലയിൽ ഒരു ക്രിമിനൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.