‘പ്രായപരിധി നിബന്ധനയിൽ ഒഴിവാകുന്നവരോട് അവഗണന അരുത്’; സിപിഐഎം സംഘടനാ റിപ്പോർട്ട്


പ്രായപരിധി നിബന്ധനയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ടെന്നും അത് തിരുത്തണെമെന്നും സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നു. പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിലും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2024 ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ 22.8% പൂർണ അംഗത്വത്തിലേക്ക് വരാതെ കൊഴിഞ്ഞു പോയി.
75 വയസ് പ്രായ നിബന്ധനയിൽ നേതൃസമിതിക്ക് പുറത്തുപോയ നേതാക്കളെ അവഗണിക്കുന്നുവെന്ന കേരളത്തിൽ നിന്നടക്കമുളള പരാതികളുടെ പശ്ചാത്തലത്തിൽ സംഘടനാ റിപ്പോർട്ടിലെ പരമാർശത്തിന് പ്രത്യേക പ്രസക്തിയുണ്ട്.
ഏതെങ്കിലും സംഭവത്തെ പ്രത്യേകമായി പറയുന്നില്ലങ്കിലും പ്രായ നിബന്ധനയിൽ ഒഴിവായ നേതാക്കൾക്ക് ഘടകവും കർമ്മ മേഖലയും നിശ്ചയിച്ച് നൽകാത്ത പ്രശ്നമുണ്ടെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുകയാണ്. ഇത്
തിരുത്തണമെന്നാണ് സംഘടനാ റിപ്പോർട്ടിലെ ആവശ്യം. സംസ്ഥാന സമിതികളിൽ പ്രത്യേക ക്ഷണിതാക്കൾ അധികമാകുന്ന പ്രവണതക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. ചില സംസ്ഥാന സമിതികളിൽ അനുവദനീയമായതിലും കൂടുതൽ ക്ഷണിതാക്കളുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മാർഗനിർദേശം പാലിക്കണം. വിശിഷ്ട സേവനത്തിൻ്റെ ദീർഘകാല ചരിത്രമുള്ളവരെ മാത്രം ക്ഷണിതാക്കളാക്കിയാൽ മതിയന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.
അതേസമയം പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിനെ പറ്റിയും സംഘടനാ റിപ്പോർട്ട് ആശങ്ക പ്രകടിപ്പികുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് വളരെ കൂടുതലാണ്. 2024 ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ 22.8% പൂർണ അംഗത്വത്തിലേക്ക് എത്താതെ കൊഴിഞ്ഞു പോയി. ഇക്കാര്യത്തിൽ കേരളത്തിന് മുന്നിൽ ഉള്ളത് തെലങ്കാന മാത്രമാണ്. പൂർണ അംഗങ്ങളിലും കൊഴിഞ്ഞു പോക്ക് ഉണ്ട്.7 സംസ്ഥാനങ്ങളിൽ കൊഴിഞ്ഞു പോക്ക് നിരക്ക് 6% ആണ്. തമിഴ്നാട്ടിൽ 10% ആണ് കൊഴിഞ്ഞു പോക്ക് നിരക്ക്.അംഗങ്ങളുടെ നിലവാരം കുറയുന്നതിലും രാഷ്ട്രീയ ഉള്ളടക്കം കുറയുന്നതിനും ഒപ്പം സിപിഐഎം നേരിടുന്ന പ്രതിസന്ധിയാണ് കൊഴിഞ്ഞു പോക്ക്. ശക്തിയുള്ള സംസ്ഥാനമായ കേരളം പോലും ആ ഭീഷണി നേരിടുന്നുണ്ട്.