രാജ്യത്തൊട്ടാകെ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമം നവംബർ വരെ തുടരും.
തിരുവനന്തപുരം: രാജ്യത്തൊട്ടാകെ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമം നവംബർ വരെ തുടരും. നവംബറിൽ മഞ്ഞുകാലം തുടങ്ങുന്നതിനാൽ ജനുവരി വരെ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ അടുത്ത വേനൽക്കാലത്ത് പ്രതിസന്ധി കൂടുതൽ ഗുരുതരമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ദേശീയതലത്തിലുള്ള പ്രതിസന്ധിക്കിടെ വലിയ കുഴപ്പമില്ലാതെ കടന്നുപോകുകയാണ് കേരളം. സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇപ്പോഴത്തെ ആവശ്യത്തിനു പവർ ഗ്രിഡിൽനിന്നു വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാഹചര്യം സങ്കീർണമായി മുന്നോട്ടുപോകുകയാണ്. ഇതിനിടെ ഏതെങ്കിലും പ്രധാന ജനറേറ്റർ കേടാവുകയും 200–300 മെഗാവാട്ട് കുറവ് വരികയും ചെയ്താൽ പൊതുവിപണിയിൽ നിന്ന് എടുക്കാൻ പ്രയാസമാണ്. ഓരോ ദിവസത്തെയും സ്ഥിതി വിലയിരുത്തിയാണ് ആവശ്യത്തിനു വൈദ്യുതി സംഘടിപ്പിക്കുന്നത്. പവർ എക്സ്ചേഞ്ചിൽനിന്ന് ഇന്നു പകൽ 450 മെഗാവാട്ട് വരെയും വൈകുന്നേരം 264 മെഗാവാട്ട് വരെയും വൈദ്യുതി ലഭിക്കും. ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയില്ല. ദിവസം 4 കോടി രൂപ വരെ അധികം ചെലവഴിച്ചാണ് കമ്മി പരിഹരിക്കുന്നതിനു വൈദ്യുതി വാങ്ങുന്നത്.
ദേശീയ തലത്തിലുള്ള ക്ഷാമം ഒക്ടോബർ അവസാനം വരെ തുടരുമെന്ന് ഉറപ്പാണ്. ജൂലൈയിൽ മഴ ഉണ്ടാകുമെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാർഷിക ജോലിക്കുള്ള വൈദ്യുതി ഉപയോഗം വർധിക്കും. കൽക്കരി ഖനികളിൽ മഴക്കാലത്തു വെള്ളം കയറുന്നതിനാൽ ഉൽപാദനം കുറയും. എല്ലാ വർഷവും മഴക്കാലത്തിനു മുൻപ് താപനിലയങ്ങളിൽ ആവശ്യത്തിനു കൽക്കരി ശേഖരിച്ചു വയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പല നിലയങ്ങളിലും ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു വർധിപ്പിക്കാൻ നിവൃത്തിയില്ല.
രാജ്യത്ത് ഒട്ടാകെ വൈദ്യുതി ഉൽപാദനം വർധിച്ചാൽ മാത്രമേ പ്രതിസന്ധി ഒഴിവാകൂ. അടുത്ത ഒരു വർഷം കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന നിലയങ്ങളുടെ ശേഷി 10,000 മെഗാവാട്ടിൽ താഴെയാണ്. അധിക ആവശ്യം ഇതിനെക്കാൾ വളരെ കൂടുതലും.
നിർമാണം മുടങ്ങിക്കിടക്കുന്ന സ്വകാര്യ വൈദ്യുത നിലയങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ടു പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചേക്കും. മൂന്നു വർഷം എങ്കിലും കഴിയാതെ ഇപ്പോഴത്തെ പ്രതിസന്ധിക്കു സ്ഥിരം പരിഹാരം ഉണ്ടാകില്ലെന്നു വിദഗ്ധർ വിലയിരുത്തുന്നു.