ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ; വിവിധ സംഘടനകൾ പ്രക്ഷോഭത്തിലേയ്ക്ക് . വാക്കുപാലിക്കാൻ സർക്കാരിനു കഴിയില്ലെങ്കിൽ സമരം ശക്തമാക്കുക മാത്രമാണ് ഏകവഴിയെന്നും നേതാക്കൾ
ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന
അതിസങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭത്തിലേയ്ക്ക് കടക്കുന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമുദായ സംഘടനകളെ അടക്കം ഉൾപ്പെടുത്തി സമര രംഗത്തേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്.
ജൂൺ 30 ന് കർഷകരെ ഉൾപ്പെടുത്തി കട്ടപ്പനയിൽ നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്താൻ ഇന്നലെ കട്ടപ്പനയിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗം തീരുമാനിച്ചു.1964 ലെ യും 1993 ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതും കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും നിരന്തരമായ വന്യജീവി ആക്രമണങ്ങളും പരിഹരിക്കാൻ സർക്കാർ ഇതുവരെയും ശ്രമിക്കാത്തതുമാണ് പ്രക്ഷോഭം കടുപ്പിക്കാൻ സംഘടനകളെ പ്രേരിപ്പിച്ചിക്കുന്നത്.
ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയും അതിജീവന പോരാട്ട വേദിയും പ്രത്യക്ഷ സമരങ്ങൾ ആരംഭിച്ചിരുന്നു.ഈ രണ്ട് സമിതികളും പുതിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.എസ് എൻ ഡി പി , എൻ എസ് എസ് യൂണിയൻ നേതാക്കളും പിന്തുണ നൽകി യോഗത്തിൽ പങ്കെടുത്തു. 30 ന് നടക്കുന്ന ലോംഗ് മാർച്ചിന് മുന്നോടിയായി പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളിൽ സമരാഹ്വാന കൺവൻഷനുകൾ നടത്തുവാനും തീരുമാനമുണ്ട്.നിർമ്മാണ നിരോധനത്തിന് പുറമേ മൂന്ന് ചെയിനിൽ അടക്കം നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംയുക്ത സംഘടനാ സമരസമിതി ആവശ്യപ്പെടുന്നുണ്ട്.
ന്യൂനപക്ഷ മോർച്ച, ജമാഅത്ത് കമ്മറ്റി,കെ. സി ബി സി , വൺ ഇന്ത്യ വൺപെൻഷൻ, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, കിഫ, ലയൺസ്, റോട്ടറി ക്ലബുകളും സമരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. എൻ ദിവാകരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ: സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, എൻ എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ, എസ് എൻ ഡി പി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ, കെ. പി ഹസ്സൻ എന്നിവരും പങ്കെടുത്തിരുന്നു.