സർക്കാർ ഡോക്ടർമാർ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിൽ നിസ്സഹകരണ സമരം ആരംഭിച്ചു
ശമ്പളപരിഷ്കരണം ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചു സർക്കാർ ഡോക്ടർമാർ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിൽ നിസ്സഹകരണ സമരം തുടങ്ങി. അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ, വിഐപി ഡ്യൂട്ടി, ഇ–സഞ്ജീവനി, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങൾ തുടങ്ങിയവ ബഹിഷ്കരിക്കുമെന്നും സ്ഥാപനങ്ങൾക്കു പുറത്തുള്ള ക്യാംപുകളിലും മറ്റും പങ്കെടുക്കില്ലെന്നും കെജിഎംഒഎ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷ് എന്നിവർ പറഞ്ഞു.
അടിസ്ഥാന ശമ്പളത്തിൽ കുറവു വരുത്തിയ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത നീക്കുക, സ്ഥാനക്കയറ്റം, അലവൻസ് തുടങ്ങിയവ ഉന്നയിച്ചാണു സമരം. നിസ്സഹകരണ സമരവും നിൽപ്പ് സമരവും സെക്രട്ടേറിയറ്റ് ധർണയും ഉൾപ്പെടെ പ്രതിഷേധങ്ങൾ നേരത്തേ നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരി 15ന് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ രേഖാമൂലം ലഭിച്ചു. തുടർന്നാണു സമരം നിർത്തിവച്ചതെന്നു കെജിഎംഒഎ അറിയിച്ചു. എന്നാൽ ആ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണു സമരം പുനരാരംഭിക്കുന്നത്. രോഗീപരിചരണത്തെ ബാധിക്കുന്ന പ്രത്യക്ഷ സമരത്തിലേക്കു ഡോക്ടർമാരെ തള്ളിവിടരുതെന്നും ആവശ്യപ്പെട്ടു