വൈദ്യുതി പ്രതിസന്ധി രൂക്ഷം :പരിഹരിക്കാൻ പദ്ധതികൾ അന്വേഷിച്ചു വൈദ്യുതി വകുപ്പ്.


വൈദ്യുതി പ്രതിസന്ധി നേരിടാൻ സകല വഴികളും തിരഞ്ഞു വൈദ്യുതി വകുപ്പ്. ക്രീറ്റ് എനർജി സൊല്യൂഷൻസ് എന്ന വിപണന സ്ഥാപനത്തിൽ നിന്നു ബാങ്കിങ് സ്വാപ് ടെൻഡർ വഴി 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും. കോഴിക്കോട് ഡീസൽ നിലയം പ്രവർത്തിപ്പിച്ച് 90 മെഗാവാട്ട് വരെ ഉൽപാദിപ്പിക്കുന്നുണ്ട്. കായംകുളം നിലയത്തിലേക്ക് മധ്യപ്രദേശിലെ ബിനായിൽ നിന്നു നാഫ്ത എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.
വൈദ്യുതിക്ഷാമം രൂക്ഷമാകുന്നതിനു മുൻപ് 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കാൻ ബോർഡ് ശ്രമം നടത്തിയിരുന്നു. 25 വർഷത്തേക്കു യൂണിറ്റിനു 4.15 രൂപയ്ക്കു 115 മെഗാവാട്ടും 4.29 രൂപയ്ക്കു 350 മെഗാവാട്ടും വാങ്ങാനുള്ള കരാറാണ് അമിത വിലയും ക്രമക്കേടും ആരോപിച്ചു റദ്ദാക്കാൻ ശ്രമിച്ചത്.
കൽക്കരിക്ഷാമം മൂലം കേരളത്തിൽ ഇപ്പോൾ 78 മെഗാവാട്ടിന്റെ കുറവേയുള്ളൂവെങ്കിലും ഉപയോഗം വർധിക്കുന്നതാണ് കമ്മി കൂടാൻ കാരണം. ഇതു നേരിടാൻ മുൻകരുതൽ വേണമെന്ന് കഴിഞ്ഞ നവംബറിൽ സിസ്റ്റം ഓപ്പറേഷൻ ചീഫ് എൻജിനീയർ മുന്നറിയിപ്പു നൽകിയിരുന്നു.
പീക്ക് സമയത്തെ പ്രതിസന്ധി നേരിടാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി 100 മെഗാവാട്ട് വരെ ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കുമെന്നു വൈദ്യുതി ബോർഡ് അറിയിച്ചു.
ശബരിഗിരി നിലയത്തിലെ തകരാർ പരിഹരിക്കാത്തതു മൂലം 120 മെഗാവാട്ടിന്റെ കുറവുണ്ട്. ജലവൈദ്യുതി പരമാവധി ഉൽപാദിപ്പിച്ചാലും ആകെ ആവശ്യത്തിന്റെ 30% മാത്രമേ ആകൂ. ഡാമുകളിലാണെങ്കിൽ 36% വെള്ളമേയുള്ളൂ.
വൈദ്യുതി ഉപയോഗം വ്യാഴാഴ്ച 9.29 കോടി യൂണിറ്റിലെത്തി റെക്കോർഡ് ഇട്ടിരുന്നു. വെള്ളിയാഴ്ച ഉപയോഗം 9.09 കോടിയായി കുറഞ്ഞു. ജല വൈദ്യുതിയുടെ ഉൽപാദനം 3.05 കോടി യൂണിറ്റായിരുന്നു.