13 കിലോ കഞ്ചാവുപിടിച്ച കേസില്‍ തുടരന്വേഷണത്തില്‍ പ്രധാന കണ്ണി പിടിയില്‍.
ചേര്‍ത്തല: ചേര്‍ത്തലയില്‍ ഒരുമാസം മുമ്പ് 13 കിലോ കഞ്ചാവുപിടിച്ച കേസില്‍ തുടരന്വേഷണത്തില്‍ പ്രധാന കണ്ണി പിടിയില്‍. 15 വര്‍ഷമായി ഒഡിഷയില്‍ താമസിച്ച് കഞ്ചാവുകൃഷിചെയ്ത് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്കു കടത്തിയിരുന്ന മൂന്നാര്‍ സ്വദേശി ബാബു മഹജി(ബാബു-50)യാണ് ഒഡിഷയില്‍നിന്നു പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശാനുസരണം നടന്ന തുടരന്വേഷണത്തിലാണ് പ്രധാനി കുടുങ്ങിയത്.
നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെയും ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെയും നേതൃത്വത്തില്‍ ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ഉല്ലാസ്, പ്രവീഷ്, എബി തോമസ്, ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ഒഡിഷയിലെ നക്‌സല്‍ബാധിത പ്രദേശത്തു താമസിച്ച് ബലംപ്രയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.
15 വര്‍ഷംമുന്‍പ് ഒഡിഷയില്‍ താമസമാക്കിയ പ്രതി ബാബു നക്‌സല്‍ ബാധിത പ്രദേശമായ ഡാഗുഡ എന്ന സ്ഥലത്തെ മാഹ്ജി ഗ്രോത്രവര്‍ഗത്തിലെ സ്ത്രീയെ വിവാഹംകഴിച്ചു താമസിക്കുകയായിരുന്നു. എന്‍.കെ. ബാബു എന്ന ഇയാള്‍ ബാബു മഹജി എന്നു പേരുമാറ്റി. ഗ്രോത്രവര്‍ഗക്കാര്‍ക്ക്ു സഹായങ്ങള്‍ചെയ്ത് അവരെക്കൊണ്ട് കാടുവെട്ടിത്തെളിച്ച് വര്‍ഷങ്ങളായി കഞ്ചാവ് കൃഷിനടത്തിവരുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഒഡിഷയില്‍ ബാബുവില്‍നിന്നു കഞ്ചാവു വാങ്ങി വില്‍പ്പന നടത്തുന്നതിനായി ആലപ്പുഴയിലേക്കെത്തിച്ച ആലപ്പുഴ വള്ളിക്കുന്നം സ്വദേശികളായ അനന്ദു, ഫയാസ് എന്നിവരെ കഴിഞ്ഞ മാര്‍ച്ച് 24-നു 13 കിലോ കഞ്ചാവുമായി ചേര്‍ത്തലയില്‍ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണു ബാബു മഹജി അറസ്റ്റിലായത്. ഇയാളെ ഇന്ന് (ശനിയാഴ്ച) ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.