മുന്നറിയിപ്പ് ബോർഡുകൾ ഇല്ല : കുരുന്നുകളുടെ ജീവൻ മരണകയത്തിലേക്ക്


കോട്ടയം ∙ ഒട്ടേറെ കുട്ടികൾ വെള്ളത്തിൽ മുങ്ങിമരിച്ചിട്ടും മുന്നറിയിപ്പ് ബോർഡു പോലും വയ്ക്കാൻ ആർക്കും തോന്നാത്തത് എന്തു മനസ്സാണ് ! ഏറ്റുമാനൂർ പട്ടർമഠം പാലത്തിനു സമീപം മീനച്ചിലാറ്റിലെ അപകടക്കയം പോലെ കുഞ്ഞുങ്ങളെ കവർന്നെടുക്കുന്ന ബർമുഡാ ട്രയാംഗിളുകൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. ഒരിടത്തും സുരക്ഷാ സൗകര്യമോ മുന്നറിയിപ്പു സൂചനയോ ഇല്ല. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ, വേമ്പനാട്ടു കായൽ തുടങ്ങി ജലാശയങ്ങൾ ഒട്ടേറെയുള്ള നാട്ടിൽ കുഞ്ഞുങ്ങളുടെ ജീവൻ സുരക്ഷിതമാവണമെങ്കിൽ നാട്ടുകാർ സ്വയം സൂക്ഷിക്കേണ്ട സ്ഥിതിയാണ്.
മണിമലയിലെ മൂരിക്കയം; മരണക്കയം
ഇതുവരെ 3 ജീവനുകൾ പൊലിഞ്ഞു. എസ്റ്റേറ്റ് മേഖലകളാൽ ചുറ്റപ്പെട്ട് വിജനമായ പ്രദേശം. യുവാക്കൾ പലപ്പോഴും ഉല്ലാസത്തിനായി എത്താറുണ്ട്. പുറമേ അപകടകരമായി തോന്നില്ല. ശക്തമായ അടിയൊഴുക്കിൽ ചുഴി രൂപപ്പെടുകയും കയത്തിൽ ഇറങ്ങുന്നവരെ ആഴത്തിലേക്കു വലിച്ചെടുക്കുകയും ചെയ്യും. മുന്നറിയിപ്പു ബോർഡില്ല.
മീനച്ചിലാറിന്റെ കൈവഴികളിലുള്ള കട്ടിക്കയം വെള്ളച്ചാട്ടം, മാർമല അരുവി എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവായി ഉണ്ടാകുന്നുണ്ട്. ഇവിടെ പഞ്ചായത്തുകൾ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അപകടക്കടവുകളുമായി മുവാറ്റുപുഴയാർ
വൈക്കപ്രയാർ, തോട്ടകം കുപ്പേടിക്കാവ്, വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം, തലയോലപ്പറമ്പ് ഭൂതപുരം, വടയാർ എന്നിവിടങ്ങളിലായി പലരും മുങ്ങിമരിച്ചു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ്, ഉദയനാപുരം പഞ്ചായത്ത് പരിധികളിലും വൈക്കം നഗരസഭാ പരിധിയിലും പൊതുകുളിക്കടവുകൾ ഉണ്ടെങ്കിലും ഒരിടത്തും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല. ചില സ്ഥലത്ത് മുന്നറിയിപ്പു ബോർഡുണ്ട്.
വേമ്പനാട്ടു കായൽ യാത്രയ്ക്കിടയിലും കുളിക്കാനിറങ്ങിയും ആളുകൾ മരിക്കുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയാണ്. അബദ്ധത്തിൽ കാൽ വഴുതി കായലിൽ വീണ് മരിച്ച സംഭവങ്ങളും ഒട്ടേറെ. രക്ഷാപ്രവർത്തനം വൈകുന്നതും പ്രശ്നമാണ്. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണു രക്ഷാപ്രവർത്തനം നടത്തുന്നത്.