അപകടമൊഴിയാതെ കുട്ടിക്കാനം പാത
ദേശീയപാതയിലെ കൊടുംവളവുകളിൽ പ്രളയത്തിൽ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാത്തത് അപകടഭീഷണി ക്ഷണിച്ചുവരുത്തുന്നു. റോഡരികിലെ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാത്തത് സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ദുരിതമായി. കൊല്ലം– ദിണ്ഡുഗൽ പാതയിലെ കുട്ടിക്കാനം മുതൽ മരുതുംമൂട് വരെയുള്ള ഭാഗത്താണ് അപകടഭീഷണി. ആറ് കൊടുംവളവുകളിലായി ഒരു വർഷത്തിനിടയിൽ നൂറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമലഗിരിക്കും ചുഴുപ്പിനുമിടയിൽ വലിയ കൊക്കയുള്ള ഭാഗത്ത് പാത ഇടിഞ്ഞിരുന്നു. ഇവിടെ ടാർ വീപ്പകൾ നിരത്തി അപകടസൂചന നൽകിയതല്ലാതെ ദേശീയപാത അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഒരുമാസത്തിനിടയിൽ 28 വാഹനാപകടങ്ങൾ ഇവിടെയുണ്ടായി. അപകട സൂചന നൽകുന്ന വീപ്പയിലും കഴിഞ്ഞദിവസം കാർ ഇടിച്ചു. ആവശ്യമുള്ള ഭാഗത്തല്ല കലുങ്കുകൾ നിർമിച്ചിട്ടുള്ളത്. മഴവെള്ളവും കല്ലും റോഡിലൂടെ ഒഴുകി ടാറിങ് ഇളകി പോകുന്നുണ്ട്. ഓടനിർമാണത്തിൽ ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. കോടികളുടെ അഴിമതിയാണ് വർഷങ്ങളായി ദേശീയപാതയുടെ അറ്റകുറ്റപ്പണികളുടെ പേരിൽ നടക്കുന്നതെന്നും ആരോപണമുണ്ട്.
ദിശാബോർഡുകൾ കാടുകയറി
ദേശീയപാതയിൽ കഴിഞ്ഞദിവസം സ്ഥാപിച്ച ദിശാബോർഡുകളും അപകടസൂചനാ ബോർഡുകളും കാടുകയറി മറഞ്ഞു. കുട്ടിക്കാനം മരുതുംമൂട് വരെയുള്ള ഭാഗത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ദേശീയപാത കാഞ്ഞിരപ്പള്ളി ഡിവിഷൻ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ജനങ്ങൾ പറയുന്നു. ലക്ഷക്കണക്കിന് ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന പാതയിലെ വളവുകൾ നിവർത്തി അപകടരഹിത പാത ഒരുക്കണമെന്ന ആവശ്യം നേരത്തെമുതൽ സജീവമാണ്.”