നിത്യോപയോഗ സാധനങ്ങളടക്കം 143 ഇനങ്ങളുടെ ജി.എസ്.ടി കുത്തനെ കൂട്ടുന്നു
ഡല്‍ഹി: നിത്യോപയോഗ സാധനങ്ങളടക്കം 143 ഇനങ്ങളുടെ നികുതിനിരക്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍, സംസഥാനങ്ങളുടെ അഭിപ്രായം തേടി.
ഇതില്‍ 92% ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ല്‍ നിന്ന് 28% ആകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള മാസങ്ങളില്‍ നിരക്കു കുറച്ച ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂട്ടുന്നത്. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങളോടു കാണിക്കുന്ന ചതിയാണിതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പട്ടം, പവര്‍ബാങ്ക്, ച്യൂയിങ് ഗം, ഹാന്‍ഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ് , 32 ഇഞ്ചില്‍ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാല്‍നട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, ലെതര്‍ കൊണ്ടുള്ള ആക്സസറീസ്, നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ എന്നിവയെല്ലാം 28 % ജിഎസ്ടി നിരക്കിലേക്ക് ഉയരുന്നവയില്‍ ഉള്‍പ്പെടും. ഇവയില്‍ പലതിനും 2017ലും 2018ലുമാണു ജിഎസ്ടി നിരക്ക് കുറച്ചത്.
പപ്പടത്തിനും ശര്‍ക്കരയ്ക്കും 5% ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ 18% നിരക്കുള്ള വാച്ച്, ലെതര്‍ ഉല്‍പന്നങ്ങള്‍, റേസര്‍, പെര്‍ഫ്യൂം, ലോഷന്‍, കൊക്കോപൗഡര്‍, ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിന്‍, ജനലുകള്‍, ഇലക്‌ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമായേക്കും.
കസ്റ്റഡ് പൗഡറിന് 5ല്‍ നിന്ന് 18 ശതമാനവും മരത്തിന്റെ മേശകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയ്ക്ക് 12ല്‍ നിന്ന് 18 ശതമാനവുമാക്കാനാണു നിര്‍ദേശം. റസ്റ്ററന്റുകളുടെ ജിഎസ്ടി അടക്കം 178 ഇനങ്ങളെ 28 % ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി 2017ലാണു ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തത്.