ശ്രീധന്യയ്ക്ക് ഇന്ന് അവസാന വർഷ പരീക്ഷ : പൊള്ളുന്ന ജീവിത പരീക്ഷയിൽ ശ്രീധന്യ….


കട്ടപ്പന : ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ. ഇതേ മുറിയിൽ ഉണ്ടായിരുന്ന മകൾക്കു ഗുരുതരമായി പൊള്ളലേറ്റു. വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകൾ ശ്രീധന്യയെ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ശ്രീധന്യയ്ക്ക് ഇന്ന് അവസാന വർഷ പരീക്ഷയായിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കുടുംബപ്രശ്നങ്ങളാണു മരണകാരണമെന്നുള്ള സന്ദേശം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയിൽ ജ്യോതി സ്‌റ്റോഴ്സ് എന്ന പേരിൽ സോപ്പ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.
തിങ്കൾ പുലർച്ചെ ഒന്നോടെയാണ് അപകടം. പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഓടിക്കൂടിയത്. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ.
അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു. ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി.
ശ്രീധന്യ പുറ്റടി എൻഎസ്പി എച്ച്എസ്എസിലെ വിദ്യാർഥിനിയാണ്. മറ്റൊരു മകളായ ശ്രുതി വിവാഹിതയാണ്. ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് പൊലീസും കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഫൊറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തി.