ഭീഷണിയായി ഭവന നിർമാണ ബോർഡ് കോംപ്ലെക്‌സിന്റെ മുകൾ നിലയിലുള്ള തേനീച്ചക്കൂടുകൾ..


കട്ടപ്പന: പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഭവന നിർമാണ ബോർഡ് കോംപ്ലെക്‌സിന്റെ മുകൾ നിലയിലുള്ള തേനീച്ചക്കൂടുകൾ ഭീഷണി സൃഷ്ടിക്കുന്നു. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തേനീച്ച കൂടുകൾ ഉള്ളത്. 2019 മുതലാണ് തേനീച്ചകൾ ഇവിടെ കൂടുകൂട്ടാൻ തുടങ്ങിയത്. ആരംഭത്തിൽ ഒരു കൂട് മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമേണ കൂടുകളുടെ എണ്ണം വർധിക്കുകയായിരുന്നു. നിലവിൽ ചെറുതും വലുതുമായ ഒൻപതോളം കൂടുകളാണ് ഇവിടെയുള്ളത്.
കാക്കകളും പ്രാവുകളും തമ്പടിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗത്താണ് ഈ കൂടുകൾ എല്ലാം ഉള്ളത്. അതിനാൽ പക്ഷികളുടെ ആക്രമണം ഉണ്ടായാൽ ഇവ ഇളകി ജനങ്ങൾക്ക് എതിരെ തിരിയാൻ സാധ്യത ഏറെയാണ്. ഐഎച്ച്ആർഡി കോളജിന്റെ ക്ലാസുകൾ പ്രവർത്തിക്കുന്ന നിലയിലാണ് കൂടുകളുമുള്ളത്.
രാത്രിസമയത്ത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ ബൾബുകൾ തെളിക്കുമ്പോൾ തേനീച്ചകൾ അവിടേക്ക് എത്തുന്നു.. കടകളിൽ എത്തുന്നവർക്കു ചുറ്റും തേനീച്ചകൾ വട്ടമിട്ടു പറക്കുകയും കുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. കെട്ടിടത്തിനു താഴെ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കു മുകളിൽ തേനീച്ച കൂടുകളിൽ നിന്നുള്ള ദ്രാവകം വീഴുന്നതും പതിവാണ്. തേനീച്ചക്കൂടുകൾ നീക്കം ചെയ്ത് ഭീഷണി ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.