മലയോര ഹൈവേ-നരിയംപാറ മുതല്‍ കട്ടപ്പന വരെ റോഡ് നിര്‍മ്മാണത്തിനും ഇരുപതേക്കര്‍ പാലത്തിനുമായി 17.30 കോടിയുടെ അനുമതി : റോഷി അഗസ്റ്റിന്‍
കട്ടപ്പന : മലയോര ഹൈവേയുടെ ഭാഗമായ നരിയംപാറ മുതല്‍ കട്ടപ്പന ഇടുക്കി കവല വരെ പുനര്‍നിര്‍മ്മിക്കുന്നതിനും ഇരുപതേക്കര്‍ പാലം പുതുക്കി പണിയുന്നതിനുമായി 17.30 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പീരുമേട്-ദേവികുളം റോഡിന്‍റെ ഭാഗമായ ഇടുക്കി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗമാണിത്. ഒന്നാം ഘട്ടമായി മേരികുളം മുതല്‍ നരിയംപാറ വരെയുള്ള നിര്‍മ്മാണത്തിന് 56.72 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന ചെയിനേജ് 36/625 മുതല്‍ 39/525 വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചിട്ടുള്ളത്.
12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് 9 മീറ്റര്‍ ബി.എം&ബി.സി നിലവാരത്തില്‍ ടാറിംഗ് നടത്തും., ഐറിഷ് ഓട, ഫുഡ്പാത്ത് , സിഗ്നല്‍ ലൈറ്റുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും പ്രവര്‍ത്തിയിലുള്‍പ്പെട്ടിട്ടുണ്ട്. ഇരുപതേക്കര്‍ ജംഗ്ഷനിലും ഓക്സീലിയം സ്കൂള്‍ ജംഗ്ഷനിലും വെയ്റ്റിംഗ്ഷെഢ് നിര്‍മ്മിക്കും. കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് യാത്രചെയ്യുന്നതിന് തമിഴ്നാട്-ആന്ധ്ര ഉല്‍പ്പെടയുള്ള സംസ്ഥാനത്തുനിന്നും ജില്ലയുടെ മലയോര മേഖലകളില്‍ നിന്നും ഏറ്റവുംമധികം ആശ്രയിക്കുന്ന പ്രധാന റോഡുകൂടിയായ മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ നടപടി വേഗത്തിലാക്കുകയായിരുന്നു.
ഇടുക്കി-പത്തനംതിട്ട-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ഗതാഗത തിരക്കേറിയ റോഡുകൂടിയാണിത്. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള കെ.ആര്‍.എഫ്.ബി യാണ് നിര്‍മ്മാണച്ചുമതലയെന്നും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മ്മാണം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.