മൂക്കിനുള്ളിൽ മൂന്നാഴ്ച്ചയോളം കുളയട്ടയുടെ സുഖവാസം
കട്ടപ്പന : യുവാവിന്റെ മൂക്കിനുള്ളിൽ അട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച !കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിന്റെ മൂക്കിനകമാണ് കുളയട്ട സുഖവാസ കേന്ദ്രമാക്കിയത്.ആഴ്ച്ചകൾക്ക് മുൻപുണ്ടായ തുമ്മലിൽ നിന്നാണ് കഥയുടെ തുടക്കം. ആദ്യമൊക്കെ നിർത്താതെയുള്ള തുമ്മൽ കാര്യമാക്കാതെയിരുന്ന ഡിബിൻ മൂക്കിൽ നിന്ന് രക്തം വന്നതോടെയാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എൻഡോസ്കോപ്പിയടക്കം ചെയ്തു നോക്കിയെങ്കിലും രക്തം വരാൻ എന്താണ് കാരണം എന്ന് കണ്ടെത്താനായില്ല.
മൂക്കിലൊഴിക്കാനുള്ള തുള്ളി മരുന്നുമായി ഡിബിൻ വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും അസ്വസ്ഥത മാത്രം മാറിയില്ല.പിന്നീട് ആയുർവേദ ആശുപത്രിയെ സമീപിച്ചെങ്കിലും മൂക്കിനുള്ളിൽ നിന്നുള്ള രക്തപ്രവാഹം തുടർന്നു.ആഴ്ച്ചകൾ നീണ്ടിട്ടും ചികിത്സയ്ക്ക് ഫലമില്ലാതെ വന്നതോടെയാണ് തിങ്കളാഴ്ച്ച വൈകിട്ട് പള്ളിക്കവലയിലുള്ള ഇ എൻ റ്റി വിദഗ്ധ ഡോ. ശ്രീജമോളുടെ അടുത്ത് ഡിബിൻ ചികിത്സ തേടിയത്.ഇവിടെ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ രക്തം കുടിച്ച് മയങ്ങിയിരിക്കുന്ന കുളയട്ടയെ കണ്ടെത്തിയത്.ഉടനെ തന്നെ അട്ടയെ പുറത്തെടുത്തു. നാല് സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്നു അട്ടയ്ക്ക് !.
ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച് മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളിൽ കയറിയത് എന്നാണ് ഡിബിൻ സംശയിക്കുന്നത്. എന്തായാലും മൂക്കിനുള്ളിൽ ഒളിച്ചിരുന്ന ഭീകരനെ കണ്ട് ഡിബിൻ ഒരു നിമിഷം ഞെട്ടിത്തരിച്ചെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്.