പോക്‌സോ നിയമപ്രകാരമുള്ള 2 കേസുകളിൽ പ്രതിക്ക് 7 വർഷം വീതം തടവും 15,000 രൂപ വീതം പിഴയും വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ഉത്തരവ്


കട്ടപ്പന. പോക്‌സോ നിയമപ്രകാരമുള്ള 2 കേസുകളിൽ പ്രതിക്ക് 7 വർഷം വീതം തടവും 15,000 രൂപ വീതം പിഴയും വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ഉത്തരവ്. വണ്ടിപെരിയാർ സ്വദേശി രാജനെ (യേശുരാജൻ -27) ആണ് ശിക്ഷിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്.
2018ലും 2019ലുമാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്. പ്രതി സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് കേസുകളിലായി വണ്ടിപെരിയാർ പോലീസ് എസ്‌ഐമാരായിരുന്ന ജയപ്രകാശ്, ടി.ഡി.സുനിൽകുമാർ എന്നിവർ ചാർജ് ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. രണ്ടു കേസിലും ഐപിസി പ്രകാരം 5 വർഷം തടവും പോക്‌സോ പ്രകാരം 2 വർഷം തടവും 15000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഓരോ കേസിലും 3 മാസം വീതം ആകെ 6 മാസം അധിക തടവും അനുഭവിക്കണമെന്നാണ് വിധി. പബ്ലിക് പ്രോസികൂട്ടർ അഡ്വ.സുസ്മിത ജോൺ കോടതിയിൽ ഹാജരായി.