ഓപ്പറേഷൻ ഗംഗ ;യുക്രെയ്ന്‍ യുദ്ധഭൂമിയില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ 1,377 ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍.
യുക്രെയ്ന്‍ യുദ്ധഭൂമിയില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ 1,377 ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. പോളണ്ടില്‍നിന്നുള്ള ആദ്യവിമാനം ഉള്‍പ്പെടെ 24 മണിക്കൂറില്‍ ആറ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. തലസ്ഥാനമായ കീവില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല ഇന്നലെ രാത്രി അറിയിച്ചിരുന്നു.
വ്യോമസേന വിമാനം റുമാനിയയിലേക്ക്; രക്ഷാദൗത്യത്തിന് ജ്യോതിരാദിത്യ സിന്ധ്യയും
ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അടുത്ത മൂന്നു ദിവസം 26 വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുക്രെയ്ന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത്. ഇന്ത്യന്‍ വ്യോമസേന സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് റൊമാനിയയിലേക്ക് അയച്ചിരിക്കുന്നത്. ഏതാണ്ട് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും യുക്രെയ്‌നില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. പ്രത്യേക വിമാനങ്ങളില്‍ 9000 ഇന്ത്യക്കാര്‍ യുക്രെയ്‌നില്‍നിന്നു പുറത്തുവന്നു.
എന്നാല്‍ റഷ്യയോടു ചേര്‍ന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവ്, സുമി നഗരങ്ങളില്‍ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യന്‍ അതിര്‍ത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല ചര്‍ച്ച ചെയ്തു. മോസ്‌കോയില്‍നിന്നുള്ള ഇന്ത്യന്‍ എംബസി സംഘം യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെല്‍ഗ്രോദില്‍ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതല്‍ മുന്നോട്ടുപോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി എസ്.ജി നവീന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതല യോഗം വിളിച്ചുചേർത്തു. 48 മണിക്കൂറിനിടെയുള്ള 4മത് യോഗമാണ് വിളിച്ചുചേർത്തത്. ‘ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ റഷ്യയും യുക്രെയ്നുമായും നയതന്ത്ര, സൈനിക തലത്തില്‍ ആശയവിനിമയം നടത്തി. 20,000 പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 12,000 പേരെ ഒഴിപ്പിച്ചു’- വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‍ല അറിയിച്ചു.