യുക്രൈയ്നിലെ യുദ്ധഭൂമിയിൽ എംബസിയുടെ കരുണ തേടി വിദ്യാർഥികൾ…
റഷ്യൻ ആക്രമണം നാശം വിതച്ച യുക്രൈയ്നിലെ കാർക്കീവ് മേഖലയിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയാണ് ഇടുക്കിയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ. ഇടുക്കി കുരുവിള സിറ്റി കരോട്ട് ജോർജ്-ലീല ദമ്പതികളുടെ മകനായ ബേസിൽ, പത്തനംതിട്ട സ്വദേശികളായ അജാസ്, ആൽഫിയ, വിഷ്ണുനന്ദന, സൗമ്യ എന്നിവരാണ് ഇതുവരെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടാൻ കഴിയാതെ വിഷമിക്കുന്നത്. കാർക്കീവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റി രണ്ടാം വർഷ മെഡിക്കൽ ബിരുദ വിദ്യാർഥികളാണിവർ.
റഷ്യൻ അതിർത്തിയിൽ നിന്നു 40 കിലോമീറ്റർ മാത്രം ദൂരെയുള്ള കാർക്കീവ് മേഖലയിലെ ജനവാസ മേഖലകളിൽ പോലും ഇന്നലെ കനത്ത ബോംബാക്രമണമുണ്ടായെന്ന് ബേസിൽ പറഞ്ഞു. ആളുകളെല്ലാം ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അഭയം തേടിയിരിക്കുകയാണ്. ഭൂമിക്കടിയിലുള്ള മെട്രോ സ്റ്റേഷനിലും പൂർണ സുരക്ഷിതരല്ലെന്നാണ് ബേസിലും സുഹൃത്തുക്കളും പറയുന്നത്. ഇന്നലെ പുറത്ത് തുടർച്ചയായി സ്ഫോടന ശബ്ദം കേട്ടു. മഞ്ഞ് വീഴ്ചയും കൊടും തണുപ്പും പ്രതിസന്ധി സൃഷ്ടിക്കുന്നു. മൈനസ് 2 ഡിഗ്രിയാണ് ഇന്നലെ ഇവിടത്തെ താപനില. ഹീറ്റർ ഇല്ലാത്ത അവസ്ഥയിലും തറയിൽ ബെഡ് ഷീറ്റ് വിരിച്ചാണ് കിടക്കുന്നത്.
ആശയ വിനിമയത്തിന് വാട്സ്ആപ്, ടെലഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ മാത്രമാണ് ആശ്രയം. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ഉണ്ടെങ്കിലും യുദ്ധം നീണ്ടാൽ വീണ്ടും ഭക്ഷണം സംഘടിപ്പിക്കാനുള്ള സൗകര്യമില്ല. ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കൽ നടപടികളാരംഭിച്ച പടിഞ്ഞാറൻ അതിർത്തികളിലേക്ക് കാർക്കീവിൽ നിന്ന് ഏറെ ദൂരമുണ്ട്.