അനേകം ജീവനുകളുടെ കാവലാളായി ഇടുക്കി കുരുവിളസിറ്റി സ്വദേശിനി ബിജി
അടിമാലി: ജീവിതത്തിനും മരണത്തിനുമിടയിൽ മിടിക്കുന്ന അനേകം ജീവനുകളുടെ കാവലാളാണ് ഇടുക്കി കുരുവിളസിറ്റി സ്വദേശിനി ബിജി. ഇടുക്കിയിലെ ഏക വനിത ആംബുലന്സ് ഡ്രൈവറായ ബിജി അതുകൊണ്ടുതന്നെ സദാസമയവും ജാഗരൂഗയാണ്. തന്റെ കൈകളാൽ സുരക്ഷിതമാക്കേണ്ട ജീവനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൈറേഞ്ചിലെ കുത്തിറങ്ങളും കയറ്റങ്ങളും ഹെയര്പിന് വളവുകളുമൊന്നും ബിജിക്ക് വെല്ലുവിളികളല്ല.
ഇടുക്കി രാജാക്കാട് കുരുവിള സിറ്റി ഗുഡ് സമരറ്റിന് ആതുരാശ്രമം നടത്തുന്ന ആംഗ്ലിക്കന് സഭ പുരോഹിതൻ ഫാ. ബെന്നി ഉലഹന്നാന്റെ ഭാര്യയാണ് ബിജി എം. മാര്ക്കോസ്. 1999ല് തുടങ്ങിയ ആതുരാശ്രമത്തിലെ അന്തേവാസികളില് അധികവും വയോധികരാണ്. രോഗാവസ്ഥയിലാകുന്നവരെ അടിയന്തര സാഹചര്യങ്ങളില് ടാക്സി വിളിച്ചാണ് ആശുപത്രികളിലെത്തിച്ചിരുന്നത്. ഇതുമൂലമുള്ള സങ്കീർണതകളും അപകടസാധ്യതകളും പരിഹരിക്കാനാണ് ആംബുലന്സ് വാങ്ങിയത്. ഇതോടെ ബിജി ആംബുലൻസ് ഡ്രൈവറുടെ വേഷവുമണിഞ്ഞു. 2006ല് ഡ്രൈവിങ് പഠിച്ച ബിജി ഇതിനകം നിരവധി ജീവനുകളുടെ രക്ഷകയായി. ജില്ലക്കകത്തും പുറത്തുമായി കിലോമീറ്ററുകള് ആംബുലന്സ് ഓടിച്ച് രോഗികളെ സുരക്ഷിതമായി ആശുപത്രിയില് എത്തിക്കുമ്പോഴുള്ള സംതൃപ്തി വിവരണാതീതമാണെന്ന് ബിജി പറയുന്നു. മരണാസന്നരായ രോഗികളുമായി ദുർഘട പാതയിലൂടെ പായുമ്പോൾ യാത്രയിലുടനീളം മനമുരുകുന്ന പ്രാർഥനയിലാകും.
മനസ്സ് പതറാതെയുളള ഡ്രൈവിങ്ങിനിടെ ഇതുവരെ ഒരപകടവും വരുത്തിയിട്ടില്ല. ആതുരാലയത്തിലെ അന്തേവാസികള്ക്ക് വേണ്ടിയാണ് ആംബുലന്സ് വാങ്ങിയതെങ്കിലും സമീപ പ്രദേശങ്ങളിലുള്ളവര് സഹായത്തിന് വിളിച്ചാല് ബിജി ഓടിയെത്തും. ഇതിനായി എന്ത് സഹായത്തിനും ഭര്ത്താവ് ഫാ. ബെന്നിയും മുന്നിലുണ്ടാകും. വിദ്യാർഥികളായ ഉലഹന്നാനും മാര്ക്കോസും ആതുരസേവനത്തിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. നിരാലംബരായി അലയുന്ന വയോധികരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ഇവര് ചെയ്യുന്നത്.