സ്വരാജിൽ ഏലക്കാ മോഷണം വർധിക്കുന്നു.
കട്ടപ്പന : സ്വരാജിന് സമീപം ചന്ദ്രൻസിറ്റിയിൽ രാത്രികാലങ്ങളിൽ ഏലക്ക മോഷണം വ്യാപകമാകുന്നു.വിളവെടുക്കാൻ പാകമായ ഏലക്കായ ഉൾപ്പടെയാണ് രാത്രികാലങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾ കടത്തുന്നത്. ചിമ്പിൽ നിന്ന് ശരമോടെ വെട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം
കോടാലിപ്പാറ വൈശ്യംപറമ്പിൽ ബൈജുവിന്റെ പുരയിടത്തിലെ ഏലച്ചെടികളിൽ നിന്നുമാണ് അവസാനമായി ഏലക്കായകൾ അപഹരിച്ചത്. വില തകർച്ചയിൽ പ്രതിസന്ധിയിലായ കർഷകർക്ക് മോഷണം വർധിച്ചതും ഭീഷണിയായിരിക്കുകയാണ്.മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലാതെ ഏലം കൃഷിയെ മാത്രം ആശ്രയക്കുന്ന ചെറുകിട കർഷകർ ഇപ്പോൾ തോട്ടത്തിൽ തന്നെ തമ്പടിക്കേണ്ട ഗതികേടിലാണ്.തോട്ടങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർധിച്ച സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സ്വരാജിലെ കർഷകർ.ഒരു വർഷം മുൻപ് സമാന രീതിയിൽ അടുത്തുള്ള കൃഷിയിടത്തിൽ ഏലക്ക മോഷ്ടിച്ചിരുന്നു. തോട്ടങ്ങൾ കൃത്യമായി അറിയുന്നവരാണ് ഇതിന് പിന്നിലെന്നാണ് കർഷകർ ആരോപിക്കുന്നത്. സ്വരാജിന് പുറമേ പുളിയൻ മല- വണ്ടൻമേട് ഭാഗത്തും ഏലക്കായ മോഷണം നടന്നിട്ടുണ്ട്.