കായകൽപ പുരസ്കാര തിളക്കത്തിൽ ചെമ്പകപ്പാറ പി എച്ച് സി
കട്ടപ്പന :സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലന നിലവാരം, അണുബാധ നിയന്ത്രണം എന്നിവ നേരിട്ട് പരിശോധിച്ച് ഏറ്റവും ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന കായകൽപ്പ് പുരസ്കാരത്തിന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ചെമ്പകപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ അർഹത നേടി .പ്രാഥമിക ആരോഗ്യ കേന്ദ്രം വിഭാഗത്തിൽ ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. സ്ഥാപനത്തിന്റെ ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ,രോഗി സൗഹൃദ ഉപകരണങ്ങൾ സജ്ജമാക്കൽ, അണുബാധ നിയന്ത്രണത്തിനായി ദിവസേന നടത്തുന്ന പ്രവർത്തനങ്ങൾ, കൃത്യമായ അവലോകന യോഗങ്ങളും രജിസ്റ്ററുകളും തയ്യാറാക്കൽ തുടങ്ങിയവയെല്ലാം അവാർഡ് ലഭിക്കുന്നതിന് കാരണമായി.ഗതാഗത സൗകര്യത്തിന് അപര്യാപ്തത ഉണ്ടെങ്കിലും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ സ്ഥാപനത്തിൽ പകരാതെ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങൾ കൃത്യമായും ജാഗ്രതയോടെയും നടത്തിവരുന്നതും പുരസ്കാരം ലഭിക്കുന്നതിന് ഇടയാക്കി. ആശുപത്രി വികസന പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത് നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയും കരുതലും അവാർഡ് ലഭിക്കുന്നതിന് ഗുണകരമായതായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ജെ.എം വൈശാഖ് പറഞ്ഞു.വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഡോക്ടർ കെ .എസ്. അരവിന്ദ് ,ഹെൽത്ത് ഇൻസ്പെക്ടർ ആൻസി വർക്കി മറ്റ് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവരുടെ പിന്തുണയും സഹായകമായി.