കട്ടപ്പന പഴയ ബസ്‍സ്റ്റാൻഡ് പാട്ടത്തിന്
- നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ലേലത്തിന്
- ലക്ഷ്യം നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യം
- കട്ടപ്പന : നഗരസഭയുടെ ഉടമസ്ഥതയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ്ങിനായി ലീസിന് നൽകാനൊരുങ്ങി നഗരസഭ. കട്ടപ്പന പഴയ ബസ്‍സ്റ്റാൻഡ്, സഹകരണ ആശുപത്രിക്ക് മുൻപിലുള്ള സ്ഥലം, പോലീസ് സ്റ്റേഷന് എതിർഭാഗം എന്നിവിടങ്ങളിലാണ് നഗരസഭയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന ഭൂമിയുള്ളത്. ഇതിൽ പോലീസ് സ്റ്റേഷന് മുൻപിലുള്ള സ്ഥലം എച്ച്.എം.ടി.എ.യ്ക്ക് ലീസിന് കൊടുത്തിരിക്കുകയാണ്.
പഴയ ബസ്‍സ്റ്റാൻഡും സഹകരണ ആശുപത്രിക്ക് മുൻപിലുള്ള നഗരസഭയുടെ സ്ഥലവും ഈ മാസം തന്നെ ലേലംവിളിച്ച് നൽകിയേക്കും.
കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റാൻ തീരുമാനമുണ്ടായത്. ഈ സ്ഥലങ്ങൾ മുൻപ് ഉപയോഗിക്കാതെയിരുന്നതിനാൽ ഓഡിറ്റിങ് നടന്നപ്പോൾ നഗരസഭ വിശദീകരണം നൽകേണ്ടിവന്നിരുന്നു. ഇത്തവണ ഓഡിറ്റിങ് നടക്കുമ്പോൾ വിശദീകരണം നൽകേണ്ടിവരുമെന്നതിനാലാണ് തിടുക്കപ്പെട്ട് സ്ഥലങ്ങൾ ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്.
പഴയ ബസ്‍സ്റ്റാൻഡ് നൽകുന്നതിനെതിരേ വ്യാപാരികൾ
പഴയ സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റിയാൽ കച്ചവടത്തെ ബാധിക്കുമെന്ന ആക്ഷേപവുമായി വ്യാപാരികൾ രംഗത്തെത്തി. ബസ് സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇനി പണം വാങ്ങിയുള്ള പാർക്കിങ് ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേക്ക് പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരികൾ പറയുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് കട്ടപ്പന മറ്റപ്പള്ളി കുടുംബമാണ് പഴയ ബസ്‍സ്റ്റാൻഡിനായി സ്ഥലം സൗജന്യമായി നൽകിയത്. പുതിയ ബസ്‍സ്റ്റാൻഡ് നിർമിക്കുന്നതുവരെ ഇവിടെനിന്നായിരുന്നു സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്.
2010-ലാണ് പഴയ സ്റ്റാൻഡിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
2018-ൽ വെള്ളയാംകുടി കെ.എസ്.ആർ.ടി.സി. സബ്‍ഡിപ്പോയുടെ ഓപ്പറേറ്റിങ് സെന്റർ പഴയ സ്റ്റാൻഡിലാക്കിയിരുന്നുവെങ്കിലും 2021-ൽ തിരികെ വെള്ളയാംകുടിയിലേക്ക് മാറ്റി. ഇതിന് ശേഷം മുതൽ പൊതുജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുവാനാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്.