ജില്ലയിലെ ആദ്യ ടോൾ ഗേറ്റിന്റെ നിർമാണം പുരോഗമിക്കുന്നു
മൂന്നാർ : ജില്ലയിലെ ആദ്യ ടോൾ ഗേറ്റിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ലാക്കാടിന് സമീപമാണ് ജില്ലയിലെ ആദ്യ ടോൾഗേറ്റ് പ്രവർത്തനസജ്ജമാകുന്നത്.
ദേശീയ പാതയിൽപ്പെട്ട മൂന്നാർ-ബോഡിമെട്ട് റോഡിന്റെ വീതികൂട്ടൽ പണികൾ നടന്നുവരികയാണ്. 381.76 കോടി രൂപ ചെലവിട്ടാണ് പാതയുടെ വീതി കൂട്ടൽ പണികൾ നടക്കുന്നത്. 2017 സെപ്തംബറിലാണ് പണികൾ ആരംഭിച്ചത്. പണികൾ പൂർത്തിയാകുന്നതോടെ ടോൾ സംവിധാനവും ഏർപ്പെടുത്തുമെന്നാണ് അധികൃതർ പറയുന്നത്.
വനം വകുപ്പുമായി തർക്കം നിലനിൽക്കുന്ന നാലിടങ്ങളിലെ മൂന്നര കിലോമീറ്റർ ദൂരത്ത് മാത്രമാണ് പണികൾ നടത്താൻ കഴിയാത്തത്. ബാക്കിയുള്ള ഭാഗത്തെ പണികൾ മാർച്ചിന് മുൻപ് പൂർത്തിയാക്കി ദേശീയപാതാ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു. ടോൾ ഗേറ്റിന്റെ പണികൾ പൂർത്തിയാക്കി മാർച്ചോടെ കൈമാറുമെങ്കിലും സാങ്കേതിക വശങ്ങൾ പൂർത്തിയാക്കി ഒരുവർഷത്തിനുശേഷം മാത്രമേ ടോൾ പിരിവ് ഉൾപ്പെടെയുള്ളവ നടത്താൻ കഴിയൂ എന്നും അധികൃതർ പറഞ്ഞു.