വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ;സ്മാർട്ട് വില്ലേജോഫീസ് നിർമാണത്തിനനുവദിച്ച 40 ലക്ഷം നഷ്ടമാകുമോ?
ചെറുതോണി : വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം സ്മാർട്ട് വില്ലേജോഫീസ് നിർമാണത്തിനനുവദിച്ച 44 ലക്ഷം രൂപ നഷ്ടമാകാൻ സാധ്യത. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ച 44 ലക്ഷം രൂപയാണ് പഞ്ചായത്ത് ഭരണസമിതിയുടെയും റവന്യൂ അധികാരികളുടേയും അനാസ്ഥയിൽ വാത്തിക്കുടിക്ക് നഷ്ടമാകാൻ പോകുന്നത്.
കഴിഞ്ഞ എൽ.ഡി.എഫ്. പഞ്ചായത്തു ഭരണസമിതിയുടെ കാലത്ത് വില്ലേജോഫീസിന് കെട്ടിടം പണിയുവാൻ പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാൽ പുതിയ ഭരണസമിതി നിലവിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ പുരോഗമിക്കാത്തതിനാൽ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തെയും ജില്ലയിലേയും മറ്റു വില്ലേജോഫീസുകൾ പണികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിനു സജ്‌ജമാകുമ്പോഴും വാത്തിക്കുടിയിൽ സ്ഥലം വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. വില്ലേജോഫീസിന് സൗകര്യപ്രദമായ സ്ഥലമുണ്ടെങ്കിലും അവിടെ കെട്ടിടം നിർമിക്കാൻ തയ്യാറാകാതെ വേറെ സ്ഥലം അന്വേഷിക്കുന്നത് അഴിമതി നടത്തുവാനാണെന്ന് ജനങ്ങൾ ആരോപിക്കുന്നു.
പഴയ വില്ലേജോഫീസ് കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് രണ്ടു വർഷം മുമ്പാണ് പഞ്ചായത്തിനോട് ചേർന്ന് ഇടുങ്ങിയ വാടക കെട്ടിടത്തിലേക്ക് വില്ലേജോഫീസ് മാറ്റിയത്. മാർച്ചിനുമുമ്പ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിച്ച തുക നഷ്ടപ്പെടും.