തദ്ദേശഭരണ സ്ഥാപനങ്ങൾ : ഫണ്ട് ചെലവഴിക്കുന്നത് ഉടൻ പൂർത്തിയാക്കണം-കളക്ടർ
ചെറുതോണി : തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന് കളക്ടർ ഷീബാ ജോർജ്. ഓൺലൈനായി ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം അവശേഷിക്കെ ഫണ്ട് വിനിയോഗം നൂറുശതമാനം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പ് രഹിത കേരളം (സുഭിക്ഷ) പദ്ധതി പ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ക്രമീകരിക്കണം. ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അടിയന്തര ശ്രദ്ധചെലുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. തുടർന്ന് കഴിഞ്ഞ യോഗത്തിൽ സമിതി അംഗങ്ങൾ ഉന്നയിച്ച വിവിധ വിഷയങ്ങളിലെ നടപടി നിർവഹണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത് ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ് അവതരിപ്പിച്ചു.
ജില്ലയിലെ പട്ടയ വിതരണം ത്വരപ്പെടുന്നന്നതിന് ഭൂപതിവ് കമ്മിറ്റികൾ രൂപവത്‌കകരിച്ച് കൺവീനർമാരായ തഹസിൽദാർമാർക്ക് തുടർ നടപടിക്ക് നിർദേശം നല്കി. രവീന്ദ്രൻ പട്ടയ വിഷയത്തിൽ അർഹരായവർക്ക് ഉടൻ പട്ടയം ലഭ്യമാക്കാനും തീരുമാനമായി.കൊക്കയാർ ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട 499 പേർക്ക് നിലവിൽ ധനസഹായം നല്കിയിട്ടുണ്ട്. ബാക്കി അപേക്ഷകളിൽ നടപടി സ്വീകരിച്ചുവരുന്നു. വീടു വയ്ക്കാൻ സ്ഥലം ലഭ്യമല്ലാത്തവരെ തോട്ടം മേഖലയിലേതുൾപ്പെടെയുള്ള മിച്ചഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ പീരുമേട് തഹസിൽദാർക്ക് നിർദേശം നൽകി.
യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ വാഴൂർ സോമൻ, അഡ്വ.എ.രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എൻ. നൗഷാദ്, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എം. ലതീഷ്, വിവിധ വകുപ്പുകളുടെ ജില്ലാതല നിർവഹണ ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.