മായച്ചെപ്പാണ് മലനാടിന്റെ കാട്
വൈവിധ്യങ്ങളുടെ കലവറയാണ് ഇടുക്കിയിലെ മലനിരകൾ.1900-കളിൽ 90 ശതമാനവും വനമേഖലയായിരുന്ന ഇടുക്കി 2022-ൽ 50 ശതമാനത്തിൽ താഴെ മാത്രം വനഭൂമിയിലേക്ക് ചുരുങ്ങി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഇടുക്കിയാണ്. 2679.0720 ചതുരശ്ര കിലോമീറ്ററാണ് ഇടുക്കി വനഭൂമിയുടെ വിസ്തൃതി. കൂടാതെ 34.6506 ചതുരശ്ര കിലോമീറ്റർ വെസ്റ്റഡ് ഫോറസ്റ്റും ഇ.എഫ്.എല്ലും ഉണ്ട്.
ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ:കേരളത്തിൽ അഞ്ചു ദേശീയോദ്യാനങ്ങൾ ഉള്ളതിൽ നാലും ഇടുക്കിയിലാണ്. ഇരവികുളം, ആനമുടി ഷോള, മതിക്കെട്ടാൻ ഷോള, പാമ്പാടും ഷോള. കേരളത്തിൽ 17 വന്യജീവി സങ്കേതങ്ങൾ ഉള്ളതിൽ മൂന്നെണ്ണം ഇടുക്കിയിലാണ്. ഇടുക്കി വന്യജീവി സങ്കേതം, ചിന്നാർ വന്യജീവി സങ്കേതം, കുറിഞ്ഞിമല വന്യജീവി സങ്കേതം. പെരിയാർ വന്യജീവി സങ്കേതമാണെങ്കിലും കടുവാ സങ്കേതം കൂടിയാണ്. ഇതു കൂടാതെ മറയൂർ, മൂന്നാർ, മാങ്കുളം ടെറിറ്ററി ഡിവിഷനുകളും കോട്ടയം, കോതമംഗലം ഡിവിഷനുകളുടെ കീഴിലുള്ള മേഖലകളിലും വനഭൂമിയുണ്ട്.പല തരത്തിലുള്ള കാടുകളാണ് ഇടുക്കി മലനിരകളിൽ ഉള്ളത്. പുൽമേടുകൾ, ചോലക്കാടുകൾ, പുൽമേടുകളും ചോലക്കാടുകളും ചേർന്ന വനമേഖല, നിത്യഹരിതവനങ്ങൾ, ഇലപൊഴിയും കാടുകൾ, ആർദ്രതയുള്ളതും വരണ്ട ഇലപൊഴിയും വനങ്ങളും ഉണ്ട്. ഈറ്റക്കാടുകൾ, നദീതടവനങ്ങൾ എന്നിവയും ഇടുക്കിയിലെ മലനിരകളെ സമ്പന്നമാക്കുന്നു.
വരയാട് മുതൽ നക്ഷത്രയാമ വരെ:ലോകത്ത് അന്യംനിന്നുപോകുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇന്ന്. 250-ലധികം പക്ഷികളും കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങി നൂറുകണക്കിന് വന്യജീവികളുടെയും ദേശാടന പക്ഷികളുടെയും അപൂർവ സസ്യങ്ങളുടെയും ആവാസഭൂമികയാണ് ഇടുക്കി മലനിരകൾ. മൂന്നാർ വന്യജീവി ഡിവിഷന്റെ കീഴിൽ ഇരവികുളം, ചിന്നാർ മേഖലകളിൽ കണ്ടുവരുന്ന വരയാട്, ചിന്നാറിൽ മാത്രം കാണുന്ന നക്ഷത്ര യമ, ചാമ്പൽ മലയണ്ണാൻ, വെളുത്ത കാട്ടുപോത്ത്, നീലഗിരി മാർട്ടിൻ, നീലഗിരി ലങ്കൂർ (കരിങ്കുരങ്ങ്) തുടങ്ങിയവ ഇടുക്കി വനമേഖലയെ വ്യത്യസ്തമാക്കുന്നു. മൂന്നാർ, മറയൂർ വനമേഖലകളിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഒരു വസന്തം തന്നെയാണ് തീർക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷോളവനമായി കരുതുന്ന മന്നവൻചോല, ഷോള നാഷണൽ പാർക്കിൽ പെടുന്നു. ഹിമാലയത്തിൻ്റെ തെക്ക് പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയർന്ന മലയായ ആനമുടിയും മൂന്നാറിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി കിടക്കുന്ന ആനമുടി എലിഫൻ്റ് റിസർവും ഇടുക്കിയിൽ തന്നെ. ഔഷധസസ്യങ്ങളുടെ വിളനിലമാണ് ചിന്നാർ അടക്കമുള്ള വനമേഖല.