സുർക്കിയിൽ തീർത്ത അദ്ഭുതം, കേരളത്തിന്റെ ഭയവും;മുല്ലപ്പെരിയാർ
കുമളി: ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. 1789 ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട ആലോചനകൾ തുടങ്ങുന്നത്. പെരിയാർ നദിയുടെ പടിഞ്ഞാറോട്ടൊഴുകുന്ന ജലം ഉപയോഗപ്പെടുത്തി കിഴക്കോട്ടൊഴുകുന്ന വൈഗൈ നദിയിലേക്ക് തിരിച്ചുവിടുക എന്ന ആശയം 1789-ൽ രാമനാട് രാജാവായ മുത്തുരാമലിംഗ സേതുപതിയുടെ മന്ത്രിയായിരുന്ന പ്രദാനി മുതിരുലപ്പ പിള്ളയാണ് ആദ്യം മുന്നോട്ടുവച്ചത്. എന്നാൽ, ഇത് മുടങ്ങി.പിന്നീട് 1882-ൽ, ഇതേ ആശയത്തിൽ എത്തിയ ബ്രിട്ടീഷുകാർ, പ്ലാൻ തയ്യാറാക്കാനുള്ള ചുമതല ജോൺ പെന്നിക്യുക്കിനെ ഏൽപ്പിച്ചു. 155 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാൻ പശ്ചിമഘട്ടത്തിലെ ഏലമലകളിലെ രണ്ട് കുന്നുകൾക്കിടയിലുള്ള ഒരുതാഴ്വര അദ്ദേഹം തിരഞ്ഞെടുത്തു. 1887 മേയ് മാസത്തിൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു അണക്കെട്ടിന്റെ നിർമാണം. കത്തിച്ച ഇഷ്ടികപ്പൊടിയും പഞ്ചസാരയും കാൽസ്യം ഓക്സൈഡും ചേർന്ന മിശ്രിതമാണ് സുർക്കി. നിർമ്മാണത്തിനിടയിൽ രണ്ടുതവണ തടയണ തകർന്നതിനെത്തുടർന്ന് ബ്രിട്ടീഷ് അധികാരികൾ അണക്കെട്ട് നിർമാണത്തിനായുള്ള ഫണ്ട് നിർത്തിവെച്ചു. ഇതുമൂലം ചെലവ് വർദ്ധിച്ചപ്പോൾ ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പെന്നിക്യുക്ക് ഡാമിന്റെ നിർമാണം പൂർത്തീകരിച്ചത്.
1200 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആകെ നീളം, ഉയരം 176 അടിയും. 152 അടിയാണ് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി. ഇതുകൂടാതെ 240 അടി നീളവും 115 അടി ഉയരവുമുള്ള ഒരു ബേബി ഡാമും, 240 അടി നീളവും 20 അടി വീതിയുമുള്ള ഒരു എർത്ത് ഡാമും ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. 142 അടി വെള്ളമേ അണക്കെട്ടിൽ പരമാവധി സംഭരിക്കാൻ കഴിയു എന്ന് കോടതി ഉത്തരവുണ്ട്. 152 ആക്കി ഉയർത്തണമെന്ന നിലപാടിലാണ് തമിഴ്നാട്.