കാപ്പി ചെടികള്‍ പൂവിട്ടു തുടങ്ങി
കട്ടപ്പന: കാലാവസ്ഥ അനുകൂലമായതോടെ ഹൈറേഞ്ച് മേഖലയില്‍ കാപ്പി ചെടികള്‍ പൂവിട്ടു തുടങ്ങി. വിളവെടുപ്പിനു പിന്നാലെയാണ് കാപ്പി കൃഷി ഏറെയുള്ള ചപ്പാത്ത്, ഉപ്പുതറ, ആലടി പ്രദേശത്ത് കാപ്പി പൂവിട്ടു തുടങ്ങിയത്. ഹൈറേഞ്ചിലെ മറ്റു പ്രദേശങ്ങളിലും കാപ്പി ചെടികള്‍ പൂവിട്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കാപ്പി ചെടികള്‍ പൂവിട്ടതിനു പിന്നാലെ ശക്തമായ മഴയുണ്ടായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഇതോടെ പൂ വ്യാപകമായി കൊഴിഞ്ഞു പോകുകയും കാ പിടിത്തം കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ വിളവെടുപ്പിനു പിന്നാലെ ചിലയിടങ്ങളില്‍ നേരിയ മഴ ലഭിക്കുകയും പുലര്‍ച്ചെ നല്ല തോതില്‍ മഞ്ഞുണ്ടാകുകയും ചെയ്തതാണ് കാപ്പിക്ക് ഗുണമായത്. സീസണില്‍ കാപ്പിക്കുരുവിന് ഭേദപ്പെട്ട വില ലഭിച്ചതും കര്‍ഷകര്‍ക്ക് ആശ്വാസമായി.
കാപ്പി ഒഴികെയുള്ള വിളകള്‍ക്ക് വില ലഭിക്കുകയും കാപ്പി കുരുവിന് വില ഉയരാതിരിക്കുകയും ചെയ്തത് കഴിഞ്ഞ ചില വര്‍ഷങ്ങളായി കാപ്പി കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കാപ്പിക്കുരുവിന് 80 മുതല്‍ 85 രൂപവരെയും കാപ്പി പരിപ്പിന് 135-140 രൂപ വരെയും വില ലഭിച്ചു. എന്നാല്‍ സീസണില്‍ കാ പിടുത്തം കുറവായിരുന്നതിനാല്‍ ഉല്‍പ്പന്നം കുറവായിരുന്നു. നിലവില്‍ ഹൈറേഞ്ച് മേഖലയില്‍ കാപ്പി വിളവെടുപ്പ് ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്.