വറുത്ത പലഹാരത്തിലും വൻ ജിഎസ്ടി വെട്ടിപ്പ‌്; ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്കെതിരെ നടപടി;വെട്ടിപ്പ് ശതകോടി കവിയുമെന്നാണു നിഗമനം
കൊച്ചി ∙ സംസ്ഥാനത്തെ ബേക്കറികളും സൂപ്പർ മാർക്കറ്റുകളും വഴി എണ്ണയിൽ വറുത്ത പലഹാരങ്ങൾ വിൽപന നടത്തിയതിൽ മാത്രം 14 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) വെട്ടിപ്പു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. യഥാർഥ വെട്ടിപ്പ് ശതകോടി കവിയുമെന്നാണു നിഗമനം. പ്രാദേശിക ചെറുകിട സംരംഭകർ നിർമിക്കുന്ന കായവറുത്തത്, മിക്സ്ചർ, അരിമുറുക്ക്, പക്കവട എന്നിവയ്ക്കു 5 ശതമാനമാണു ജിഎസ്ടി. എന്നാൽ വൻകിട ബ്രാൻഡുകൾ ടിന്നിലും പാക്കറ്റിലും അടച്ച് ഇതേ ഉൽപന്നങ്ങൾ വിൽക്കുമ്പോൾ 12 മുതൽ 18% വരെ ജിഎസ്ടി നൽകണം.
കേരളത്തിൽ ഏറ്റവും ജനപ്രിയമായ ഇത്തരം വറുത്ത പലഹാരങ്ങളുടെ വിൽപനയ്ക്ക് അനുസൃതമായി നികുതി ലഭിക്കാതായതോടെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം (ഐബി) നടത്തിയ പരിശോധനയിലാണു വൻകിട ബ്രാൻഡുകൾ പോലും പ്രാദേശിക സംരംഭകർ അടയ്ക്കുന്ന 5% ജിഎസ്ടി പോലും സർക്കാരിനു നൽകുന്നില്ലെന്നു ബോധ്യപ്പെട്ടത്.
കേരളത്തിലെ ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖല 2017 മുതൽ 2021 വരെ 11 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മറ്റു രണ്ടു ബേക്കറി ഗ്രൂപ്പുകളും 1.50 കോടി രൂപയുടെ നികുതിവെട്ടിപ്പു നടത്തിയതായും തിരിച്ചറിഞ്ഞു. മധ്യകേരളത്തിൽ കൂടുതൽ വേരോട്ടമുള്ള ബേക്കറി ഗ്രൂപ്പ് നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ 75 ലക്ഷം രൂപ നികുതിയടയ്ക്കാൻ തയാറായതായി അന്വേഷണ സംഘം അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗങ്ങളുടെ പരിശോധനയെ തുടർന്നു 2 കോടി രൂപയോളം ജിഎസ്ടി അടയ്ക്കാൻ ഇടത്തരം ബേക്കറി ഗ്രൂപ്പുകൾ തയാറായിട്ടുണ്ട്. 11 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പു നടത്തിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.