ഓൺലൈൻ ക്ലാസുകളിൽ നഗ്‌നത പ്രദർശനം പോലെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ എന്ത് ചെയ്യണം;ഡോ.ഫൈസൽ മുഹമ്മദ് എഴുതുന്നു…

സ്വാഭാവികമായും അപ്രതീക്ഷിതമായി ഓണ്ലൈന് ക്ലാസ്സിൽ ഒരാൾ കയറി നഗ്നത പ്രദർശനം നടത്തിയാൽ ഏത് അധ്യാപകനാണെങ്കിലും ഒന്ന് പതറും.പക്ഷെ ആവശ്യമായ തെളിവുകൾ ശേഖരിച്ച് ഇത്തരം ദേശദ്രോഹികളെ തുറങ്കിലടക്കാൻ അതുവഴി സമൂഹത്തിന് പാഠങ്ങൾ നൽകാൻ ഒരു അധ്യാപകന് കഴിയേണ്ടതുണ്ട്.അതിനുവേണ്ടി ഞങ്ങൾക്ക് ലഭിച്ച അറിവ് പൊതുസമൂഹവുമായും അധ്യാപക സമൂഹവുമായും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ആദ്യം തന്നെ പറയാനുള്ളത് കുട്ടികളോടാണ്. നിങ്ങൾക്ക് തന്നിരിക്കുന്ന ലിങ്കുകൾ അത് നിങ്ങൾ മാത്രം ഉപയോഗിക്കുക. മറ്റൊരാൾക്ക് നൽകിയാൽ അയാൾ കാണിക്കുന്ന തെറ്റിന് നിങ്ങളും പ്രതിയാകും. ഇന്ന് കാസർകോട് നടന്ന സംഭവത്തിൽ ആ ദേശദ്രോഹിക്ക് ലിങ്ക് ഷെയർ ചെയ്തവനും ശിക്ഷ ലഭിക്കാൻ അർഹനാണ്.ആ കേസിന്റെ നിയമ വശങ്ങളെ കുറിച്ചു നോക്കാം.ലൈംഗിക അതിക്രമം, അശ്ലീല ചിത്രങ്ങൾ കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കൽ, തുടങ്ങിയ കുറ്റങ്ങൾ ഉള്ളത് കൊണ്ട് ഈ കേസിൽ പോക്സോ ആക്ടിലെ 12, 11, 14, 13, 15 വകുപ്പുകളും ഐ ടി ആക്ടിലെ 67, 67A വകുപ്പുകളും, ഐ പി സി 292, 354, 509 വകുപ്പുകളും കെ. പി ആക്ടിലെ 119 എന്നീ വകുപ്പുകളും ചേർത്താണ് അയാൾ ശിക്ഷിക്കപ്പെടുക. 7 വർഷം വരെ തടവ് ശിക്ഷ അയാൾക്ക് ലഭിക്കും.എല്ലാ കേസുകൾക്കും തെളിവ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു അനുഭവം ഉണ്ടായാൽ ആദ്യം അധ്യാപകർ ചെയ്യേണ്ടത്.
കുറ്റവാളിയായ ദേശദ്രോഹിയുടെ മെയിൽ ഐ ടി, ഡിസ്‌പ്ലേ പേര്, പ്രൊഫൈൽ ചിത്രം തുടങ്ങിയവ സ്ക്രീൻഷോട്ട് എടുക്കുക.ദേശദ്രോഹി പ്രദർശിപ്പിക്കുന്ന അശ്ലീല ദൃശ്യങ്ങളുടെ സ്‌ക്രീൻ റെക്കോഡ് ചെയ്യുക.
സംഭവം നടക്കുമ്പോൾ ഉള്ള മീറ്റിങ്ങ് ഐ ഡി, ഡേറ്റ്, സമയം തുടങ്ങിയവ സൂക്ഷിക്കുക.ക്ലാസ്സിൽ കയറിയ മുഴുവൻ കുട്ടികളുടെയും ഫോണ് നമ്പർ മെയിൽ ഐ ഡി തുടങ്ങിയവ ശേഖരിക്കുക.
ഗൂഗിൾ മീറ്റിങ്ങിൽ താഴ്ഭാഗത്തായി കാണുന്ന മൂന്ന് കുത്തുകൾ ക്ലിക്ക് ചെയ്ത് ‘റിപ്പോർട്ട് എ പ്രോബ്ലം’ എന്ന മാർഗ്ഗത്തിലൂടെ ആ ഗൂഗിൾ അകൗണ്ട് റിപ്പോർട്ട് ചെയ്യുക.അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി കേസ് രജിസ്റ്റർ ചെയ്യുക.ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ ചെയ്യേണ്ടത്.
ക്ലാസ് മീറ്റിന്റെ ലിങ്കുകൾ കൃത്യമായി വിദ്യാർഥികളിൽ എത്തിക്കുക. അവർ ഒരു കാരണവശാലും ആ ലിങ്ക് മറ്റൊരാൾക്ക് കൊടുക്കരുത്.ക്ലാസ് തുടങ്ങുന്ന സമയത്ത് ‘അഡ്മിറ്റ് ഓൾ’ എന്ന ഓപ്‌ഷൻ നൽകരുത്.
ഓരോ കുട്ടിയെയും വ്യക്തിപരമായ മാത്രം ക്ലാസ്സിൽ അഡ്മിറ്റ് ചെയ്യുക.ക്ലാസ്സിൽ സ്‌ക്രീൻ ഷെയർ ചെയ്യേണ്ടി വരുമ്പോൾ മുഴുവൻ സ്ക്രീനും ഷെയർ ചെയ്യാതെ പ്രസന്റേഷൻ ഉള്ള വിൻഡോ മാത്രം പ്രസന്റ് ചെയ്യുക…
ഈ സംഭവങ്ങൾക്ക് സാക്ഷിയായ കുട്ടികൾക്ക് എങ്ങനെ മാനസികമായ പിന്തുണ നൽകണം.
അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം കുട്ടികളിൽ വല്ലാത്തൊരു മാനസിക സംഘർഷം ഉണ്ടാക്കിയെടുക്കും. അതിനെ അധ്യാപകരും മാതാപിതാക്കളും ചേർന്ന് നിന്ന് കൊണ്ട് വേണം നേരിടാൻ.ചില സംഭവങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലെന്നും ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ഇങ്ങനെ പലതും നേരിടേണ്ടി വന്നേക്കാം എന്നും കുട്ടികളെ പറഞ്ഞു മനസിലാക്കുക.മനുഷ്യ ശരീരത്തെ കുറിച്ചും നഗ്‌നതയെ കുറിച്ചും കുട്ടികൾ സംശയം ചോദിച്ചാൽ അവരെ വഴക്ക് പറയാതെ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുക. ഓരോ പ്രായത്തിലും മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധമുണ്ടാക്കുക
ഈ സംഭവം ഏതെങ്കിലും കുട്ടികളെ മാനസികമായി തളർത്തി കളഞ്ഞിട്ടുണ്ടങ്കിൽ ആ കുട്ടിക്ക് പ്രൊഫെഷണൽസിന്റെ സഹായത്തോടെ കൗണ്സിലിംഗ് നൽകുക.
കുട്ടികൾക്ക് ഓരോ മേഖലകളിലും ഉചിതവും അനുചിതവുമായ പ്രവർത്തന രീതികളെ കുറിച്ച് ബോധവത്കരണം നടത്തുക. ഇത്തരം അവസരങ്ങൾ ഉപയോഗിച്ച് ഓണ്ലൈന് സുരക്ഷയെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചുമെല്ലാം അറിവ് നൽകുക. ഇത് കൂടാതെ ഇനിയും 10 കേസുകൾ ഈ പരിശീലന പദ്ധതിയുടെ ഭാഗമായി മൊഡ്യുളിൽ വിശദീകരിക്കുന്നുണ്ട്.
ഈ മൊഡ്യൂൾ സംസ്‌ഥാനത്തെ മുഴുവൻ മാതാപിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് കേരള പൊലീസിനോടും യൂണിസെഫിനോടും ഞാൻ ആവശ്യപ്പെടുന്നു.
(ഡോ.ഫൈസൽ എ.എം
മാസ്റ്റർ ട്രെയ്നർ, ഡി സേഫ് പദ്ധതി. കേരളം.)