വരയാടുകൾക്കിത് പ്രസവകാലം….
ഇരവികുളത്ത് വരയാടുകൾക്കിത് പ്രസവകാലം.ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് സാധാരണ ഇവയുടെ പ്രസവകാലമെങ്കിലും ഇക്കുറി ജനുവരി മധ്യത്തോടെ നവജാത കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞു. ഉദ്യാനത്തിലെ ടൂറിസം മേഖലയായ രാജമലയിൽ ഈയിടെ പിറന്ന 3 കുഞ്ഞുങ്ങളെയാണ് കണ്ടത്. ഉദ്യാനത്തിന്റെ ഉൾഭാഗങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടാകാമെന്നാണ് സൂചന. കഴിഞ്ഞ വർഷം 145 കുഞ്ഞുങ്ങളെയാണ് വനം വകുപ്പിന്റെ കണക്കെടുപ്പിൽ കണ്ടെത്തിയത്. വന്യമൃഗ ആക്രമണങ്ങളിൽ നിന്നു രക്ഷ നേടാൻ കിഴുക്കാംതൂക്കായ പാറക്കെട്ടുകൾക്ക് ഇടയിലും പുൽമേടുകളിലുമാണു വരയാടുകൾ പ്രസവിക്കുന്നത്.
ഒരു സീസണിൽ പിറക്കുന്ന കുഞ്ഞുങ്ങളിൽ 40 ശതമാനം മാത്രമേ വളർന്നു വലുതാകുന്നുള്ളു എന്നാണ് കണക്ക്. ശേഷിക്കുന്നവ പ്രതികൂല കാലവസ്ഥയും വന്യമൃഗ ആക്രമണവും മൂലം ചത്തൊടുങ്ങും. ലോകത്ത് ആകെയുള്ള വരയാടുകളുടെ പകുതിയും ഇരവികുളത്താണ് എന്നാണ് കണക്ക്. 1969 ലാണ് ഇവിടെ ആദ്യമായി വരയാടുകളുടെ കണക്കെടുപ്പ് നടന്നത്. 500 ആടുകളെയാണ് അന്ന് കണ്ടെത്താനായത്.വനം വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 894 എണ്ണത്തെ കാണാനായി.”