സ്വാഗതം, ഗർത്തത്തിലേക്ക്; അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് ഭീഷണി
കട്ടപ്പന∙ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തകർന്ന അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് ഇവിടേക്ക് എത്തുന്നവർക്കു ഭീഷണിയാകുന്നു. ടാറിങ്ങിനുശേഷം ചെയ്തിരിക്കുന്ന കോൺക്രീറ്റ് അവസാനിക്കുന്ന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടേക്ക് വാഹനങ്ങൾ ഇറക്കാനാകാത്ത സ്ഥിതിയാണ്. ഈ കോൺക്രീറ്റ് പാതയുടെ താഴ്‌വശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ അപകടഭീഷണി നിലനിൽക്കുകയാണ്.
മുകൾഭാഗത്തുനിന്ന് നോക്കുമ്പോൾ അപകടാവസ്ഥ കാണാൻ കഴിയില്ലെന്നത് സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ കോൺക്രീറ്റ് റോഡിൽനിന്ന് തുരങ്ക മുഖത്തേക്കുള്ള പാതയും തകർന്ന നിലയിലാണ്. ഇതുവഴി മുൻപ് ഉണ്ടായിരുന്ന നടപ്പാതയുടെ ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ട സ്ഥിതിയാണ്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ വെള്ളം ഉയർന്നുനിൽക്കുകയാണ്.
80 അടിയിലേറെ താഴ്ചയുള്ള ഭാഗമാണെന്ന് അറിയാതെ സഞ്ചാരികൾ ജലാശയത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നു. തുരങ്ക മുഖത്തേക്കുള്ള കുറച്ചുഭാഗത്ത് സുരക്ഷാ വേലി നിർമിച്ചിട്ടുണ്ടെങ്കിലും അപകടം ഒഴിവാക്കാൻ അതു പര്യാപ്തമല്ല. സുരക്ഷാ വേലിയുടെ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. കോൺക്രീറ്റ് ഇടിഞ്ഞിരിക്കുന്ന ഭാഗം ഏതു വകുപ്പിന്റെ ഉടമസ്ഥതയിലാണെന്നതു സംബന്ധിച്ച് വ്യക്തതക്കുറവുണ്ട്.
വനം വകുപ്പിനു കീഴിലാണെന്നാണ് വിലയിരുത്തൽ. അതിനാൽ പഞ്ചായത്തിൽനിന്ന് ഫണ്ട് വകയിരുത്താൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. അപകടാവസ്ഥയിലുള്ള ഭാഗം വനംവകുപ്പിന്റെ കൈവശമാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം പരിശോധിച്ചശേഷം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.