കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുംവ്യാഴാഴ്ച നിര്‍ണായക കോവിഡ് അവലോകന യോഗം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലാണുള്ളത്. അദ്ദേഹം യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം…. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ വകുപ്പു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, വകുപ്പു സെക്രട്ടറിമാരും ആരോഗ്യ വിദഗ്ധരുമാണ് കോവിഡ് അവലോകനയോഗത്തിൽ പങ്കെടുക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അത് വിലയിരുത്തികൊണ്ടുള്ള നിയന്ത്രണങ്ങളുണ്ടാകാനാണ് സാധ്യത. സമ്പൂർണ ലോക്ഡൗൺ എന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ല.
സാമ്പത്തികരംഗത്തെയും തൊഴിൽമേഖലയെയും സാരമായി ബാധിക്കുമെന്നതിനാലാണ് ഇത്. ജനങ്ങൾ സ്വയംനിയന്ത്രണം പാലിക്കുക എന്നതാണ് അഭികാമ്യമെന്നാണ് സർക്കാർ വിലയിരുത്തൽ…. അതേസമയം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലും പോലീസ് സേനയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് താൽക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകളിൽനിന്ന് ഉയർന്നിട്ടുണ്ട്…. പോലീസ് സേനയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് കൂടുതൽ പോലീസുകാർക്ക് കോവിഡ് ബാധിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയിൽ ക്രമസമാധാനപാലന ചുമതല വഹിക്കുന്ന 95 പോലീസുകാർ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. വലിയതുറ സ്റ്റേഷനിലാണ് കൂടുതൽ പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27 പേർക്കാണ് ഇവിടെ രോഗം ബാധിച്ചിട്ടുള്ളത്. സെക്രട്ടേറിയേറ്റിലെ പ്രത്യേക സുരക്ഷാചുമതലയുള്ള ഏഴു പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിച്ചിട്ടുണ്ട്. കൂടാതെ നന്ദാവനം എ.ആർ. ക്യാമ്പ്, പേരൂർക്കട എസ്.എ.പി. ക്യാമ്പ് എന്നിവിടങ്ങളിലും രോഗബാധിതരുണ്ട്.