അർഹരായവർക്കെല്ലാം ഭക്ഷ്യധാന്യം ലഭ്യമാക്കും- മന്ത്രി ജി.ആർ.അനിൽ
ചെറുതോണി: സംസ്ഥാനത്ത് അർഹരായവർക്കെല്ലാം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ.താത്കാലികമായി റദ്ദുചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കൽ അദാലത്ത് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യികയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭക്ഷണം, പട്ടിണി ഇല്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ മാറ്റാൻ വലിയ ശ്രമമാണ് സർക്കാർ നടപ്പാക്കിവരുന്നത്.
ഇതിന്റെ ഭാഗമായി പല കാരണങ്ങളാൽ പിടിച്ചുവെച്ചിരുന്ന 4183 കാർഡുകൾ തെളിമ പദ്ധതിയിലൂടെ ഉടമകളെ തിരിച്ചേൽപ്പിച്ചു. ഇതിന്റെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുകയാണ്.എൻ.ഐ.സി. മുഖേന ഇ-പോസ് മെഷീൻ സംബന്ധിച്ച് പ്രശ്നങ്ങളിൽ ഭൂരിഭാഗവും പരിഹരിച്ചു. രണ്ട് മാസമായി യാതൊരുവിധ പരാതികളും ഇല്ലെന്നും മന്ത്രി പറഞ്ഞു.