അരികൊമ്പൻ തിന്നുതീർത്തത് 2ചാക്ക് അരി

രാജകുമാരി ∙ പൂപ്പാറ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട ഭാഗികമായി തകർത്ത കാട്ടാന 2 ചാക്ക് അരി തിന്നു തീർത്തു.ഞായറാഴ്ച രാത്രി 10ന് ചൂണ്ടൽ സ്വദേശി പി.എൽ.ആന്റണിയുടെ റേഷൻ കടയ്ക്കു നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.കടയുടെ മേൽക്കൂര തകർക്കുന്ന ശബ്ദം കേട്ടു നാട്ടുകാർ വന്നെങ്കിലും ഒറ്റയാൻ കെട്ടിടത്തിന്റെ കരിങ്കൽ ഭിത്തിയും തകര ഷീറ്റു കൊണ്ടുള്ള മേൽക്കൂരയും പൊളിക്കുന്നതു തുടർന്നു. പിന്നീടു അരിച്ചാക്ക് പുറത്തെടുത്തു തിന്നു..സമീപത്തെ കെട്ടിടങ്ങൾക്കു നേരെ നീങ്ങിയതോടെ ആളുകൾ പടക്കം പൊട്ടിച്ചും ബഹളം വച്ചും തുരത്തുകായായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വീടുകളും കടകളും തകർത്ത് അരി അകത്താക്കുന്ന അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഞായറാഴ്ച രാത്രി ആന്റണിയുടെ റേഷൻകട തകർത്തതെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം ആനയിറങ്കലിലെ റേഷൻ കടയും ഈ ആന തകർത്തിരുന്നു. ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധനായ ഒറ്റയാനാണ് അരിക്കൊമ്പൻ.