ഹൈറേഞ്ചിലെ കേസുകൾ “ഹൈ” റേഞ്ചിൽ
നെടുങ്കണ്ടം : കേസുകളുടെ എണ്ണത്തിൽ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസ് ഹൈ റേഞ്ചിൽ! കഴിഞ്ഞ ഒരു വർഷം ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസിന് കീഴിൽ പിടികൂടിയത് 9903 ലീറ്റർ കോടയും, 163 ലീറ്റർ ചാരായവും. എക്സൈസ് പിടിച്ചെടുത്ത് വാറ്റുപകരണങ്ങൾ സൂക്ഷിക്കണമെങ്കിൽ ഒരു ഗോഡൗൺ തന്നെ വേണ്ടി വരും. അത്രമാത്രം വാറ്റ് ഉപകരണങ്ങളും സാധന സാമഗ്രികളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കേസ് കഴിഞ്ഞാൽ മാത്രമേ തൊണ്ടിമുതൽ ലേലം ചെയ്യാൻ കഴിയൂ.
ഇതോടെ എക്സൈസ് ഓഫിസിന് അകത്ത് വരെ പിടിച്ചെടുത്ത വാറ്റ് ഉപകരണങ്ങൾ സുക്ഷിക്കേണ്ട നിലയിലാണ് ഉദ്യോഗസ്ഥർ. കോടതി ആവശ്യപ്പെടുന്ന സമയത്ത് ഈ തൊണ്ടിമുതൽ ഹാജരാക്കുകയും വേണം. ഉടുമ്പൻചോല റേഞ്ച് ഓഫിസും സർക്കിൾ ഓഫിസും ചേർന്നാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് അനധികൃത വിൽപന നടത്തിയ 675 ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തു.168 അബ്കാരി കേസുകളും 40 എൻഡിപിഎസ് കേസുകളും റജിസ്റ്റർ ചെയ്തു. 3 കിലോ കഞ്ചാവ്, 10.15 ഗ്രാം എംഡിഎംഎ, 7 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു. എൻഡിപിഎസ് കേസുകളിൽ 47 പ്രതികളെയും അനധികൃത വിദേശമദ്യ വിൽപന കേസുകളിൽ 162 പ്രതികളെയും എക്സൈസ് അറസ്റ്റ് അറസ്റ്റ് ചെയ്തു.