പുത്തൂർ ഗ്രാമത്തിൽ നായകൾ ചത്തൊടുങ്ങുന്നു. ഒരു മാസത്തിനിടെ ചത്തത് 20 നായ്ക്കൾ ….
പുത്തൂര്‍ ഗ്രാമത്തില്‍ കൃഷിത്തോട്ടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ കാവല്‍ ഏര്‍പ്പെട്ടിരുന്ന നായ്ക്കള്‍ അജ്ഞാത രോഗത്തില്‍ ചത്തൊടുങ്ങുന്നു.കാന്തല്ലൂരിലെ പുത്തൂരിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 20 നായ്ക്കള്‍ ചത്തത്. ദേഹത്ത് രോമങ്ങള്‍ കൊഴിഞ്ഞ് ചൊറി പിടിച്ച ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാകുകയാണ്. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ മേഖലയില്‍ കാരറ്റ്, കേബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീന്‍സ്, ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ കൃഷിചെയ്ത് വരുമ്ബോള്‍ മ്ലാവ്, മാന്‍, കാട്ടുപന്നി, മുള്ളന്‍ പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷിത്തോട്ടത്തില്‍ ഇറങ്ങാതിരിക്കാന്‍ ചുറ്റും വേലി നിര്‍മിച്ചു സംരക്ഷിക്കാറുണ്ട്. കൂടാതെ കാവല്‍മാടം നിര്‍മ്മിച്ച് രാത്രിയില്‍ കാവലിരിക്കുമ്ബോള്‍ നായ്ക്കളുണ്ടെങ്കില്‍ എന്തെങ്കിലും വന്യമൃഗങ്ങള്‍ തോട്ടത്തിനുള്ളില്‍ കയറിയാല്‍ സൂചന നല്‍കും. ഇത് കേട്ട് വന്യമൃഗങ്ങളെ ശബ്ദമുണ്ടാക്കിയും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും തടയാന്‍ സഹായകരമാണ്. എന്നാല്‍ ഇപ്പോള്‍ അജ്ഞാതരോഗം ബാധിച്ച് 20 ഓളം നായ്ക്കള്‍ ചത്തത് മൂലം വന്യജീവികളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നെന്നാണ് കര്‍ഷകര്‍ പറയുന്നത്.